നിയമലംഘനങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോരിറ്റി  നടപടികള്‍ സ്വീകരിക്കുകയാണ്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇതുവരെ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍തതായി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോരിറ്റി അറിയിച്ചു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചതിന്റെ പേരിലാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടിയെടുത്തത്.

നിയമലംഘനങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോരിറ്റി നടപടികള്‍ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി അടുത്തിടെ ബ്ലോക്ക് ചെയ്‍ത 19 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് പുറമെ 64 അക്കൗണ്ടുകള്‍ നേരത്തെയും ബ്ലോക്ക് ചെയ്‍തിരുന്നു. നിയമലംഘനം സംശയിക്കപ്പെടുന്ന 54 വെബ്‍സൈറ്റുകളുടെയും പട്ടിക കഴിഞ്ഞ വര്‍ഷം തന്നെ വാണിജ്യ മന്ത്രാലയം കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോരിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഓരോ വെബ്‍സൈറ്റിലൂടെയും വിപണനം നടത്തുന്ന സാധനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കൈമാറിയത്. നിരോധിത ഇലക്ട്രോണിക് ഉള്ളടക്കങ്ങള്‍ തടയാനും നീക്കം ചെയ്യാനും അതോരിറ്റി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.