കുവൈത്തി പൗരന്മാർക്ക് 15 വർഷവും വിദേശികൾക്ക് 5 വർഷവുമാണ് ഡ്രൈവിങ് ലൈസന്‍സ് കാലാവധി.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തിനുള്ളിൽ കാലഹരണപ്പെടുകയാണെങ്കിൽ, അഞ്ച് വർഷത്തെ സാധുത ലഭിക്കുന്നതിന് സഹേൽ ആപ്പ് വഴി ഇന്ന് തന്നെ പുതുക്കുക, നാളെ മുതൽ, ലൈസൻസ് കാലാവധി നിങ്ങളുടെ റെസിഡൻസി സ്റ്റാറ്റസിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും അതിനാൽ ഇന്ന് തന്നെ നടപടിയെടുക്കുക എന്ന വ്യാജ സന്ദേശമാണ് ശനിയാഴ്ച വാട്സാപ്പ് വഴി പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കുവൈത്തി പൗരന്മാർക്ക് 15 വർഷവും വിദേശികൾക്ക് 5 വർഷവുമാണെന്ന് വ്യക്തമാക്കി അധികൃതര്‍. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, പ്രത്യേകിച്ച് വാട്ട്‌സാപ്പില്‍ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. 2025 മാർച്ച് 23-ന് പുതിയ നിയമങ്ങൾ നടപ്പാക്കിയതിന് ശേഷം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ കാലയളവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also - രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾക്ക് അംഗീകാരം നൽകാനൊരുങ്ങി കുവൈത്ത്
കൂടാതെ, 2025 ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമം അനുസരിച്ച്, സാധുവായ ലൈസൻസില്ലാതെ വാഹനത്തിന് അനുയോജ്യമല്ലാത്ത ലൈസൻസുമായി അല്ലെങ്കിൽ റദ്ദാക്കിയതോ സസ്പെൻഡ് ചെയ്തതോ ആയ ലൈസൻസുമായി ഒരു മോട്ടോർ വാഹനം ഓടിക്കുന്നത് 75 കുവൈത്തി ദിനാര്‍ പിഴ ഈടാക്കും. കോടതിയിൽ ഹാജരാക്കുമ്പോൾ, നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാര്‍ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാനോ സാധ്യതയുണ്ട്.
