Asianet News MalayalamAsianet News Malayalam

നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

കുവൈത്തില്‍ പരിശോധകളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തും. ഒപ്പം അഞ്ച് വര്‍ഷത്തേക്ക് ഒരു ഗള്‍ഫ് രാജ്യത്തും പ്രവേശിക്കാനുമാവില്ല.

Kuwait interior ministry will not announce any amnesty for residency violators
Author
Kuwait City, First Published Nov 12, 2021, 7:17 PM IST

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന (Illegal residents) പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം (Kuwait ministry of Interior) നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് (Deporting) സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിക്കാലത്ത് നിയമ ലംഘകരായ പ്രവാസികള്‍ക്ക് നാല് തവണ മാനുഷിക പരിഗണന മുന്‍നിര്‍ത്തി രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കിയിരുന്നു. നാല് വട്ടം ഇതിനായി അവസാന തീയ്യതികള്‍ പ്രഖ്യാപിക്കുകയും ചെയ്‍തു. ഈ സമയത്ത് ആവശ്യമായ പിഴയടച്ച് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാന്‍ അവസരവുമുണ്ടായിരുന്നു. എന്നാല്‍ നിയമലംഘകരില്‍ ബഹുഭൂരിപക്ഷവും ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിക്കാന്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ ശേഷം സമയപരിധി കഴിഞ്ഞും മടങ്ങിപ്പോവാത്ത നിരവധിപ്പേരുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

1,60,000ല്‍ അധികം താമസ നിയമ ലംഘകര്‍ കുവൈത്തിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമാനം. ഇവര്‍ നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരാണ്. ഇവര്‍ക്കായി ഇനി അത്തരം പൊതുമാപ്പുകളൊന്നും പ്രഖ്യാപിക്കില്ലെങ്കിലും സ്വമേധയാ പിഴയടച്ച് രാജ്യം വിടാനുള്ള അവസരമുണ്ട്. ഇങ്ങനെ മടങ്ങുന്നവര്‍ക്ക് കുവൈത്തിലേക്ക് പുതിയ വിസയില്‍ തിരികെ വരാനുമാവും. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് നാടുകടത്തുന്നത്. ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നെ ഒരിക്കലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല. ഒപ്പം അഞ്ച് വര്‍ഷത്തേക്ക് ഒരു  ജിസിസി രാജ്യത്തും പ്രവേശിക്കാനാവാത്ത വിലക്കും ഏര്‍പ്പെടുത്തും.

നവംബര്‍ മൂന്ന് മുതല്‍ 11 വരെയുള്ള ഒരാഴ്‍ചയ്‍ക്കിടെ മാത്രം 426 പ്രവാസികളെ നാടുകടത്തിയിട്ടുണ്ട്. ഇവരില്‍ 287 പേര്‍ പുരുഷന്മാരും 139 പേര്‍ സ്‍ത്രീകളുമാണ്. അതേസമയം പ്രവാസികളില്‍ നിന്ന് പുതിയ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ താമസകാര്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios