കുവൈത്ത് സിറ്റി: ലോക റെക്കോർഡ് ലക്ഷ്യമിട്ട് കുവൈത്തിൽ അവതരിപ്പിച്ച മാർഗ്ഗംകളി കാണികൾക്ക് നവ്യാനുഭവമായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം ആളുകളാണ് മാർഗംകളിയിൽ അണിചേർന്നത്. സിറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ രജത ജൂബിലി ആലോഷങ്ങളുടെ ഭാഗമായാണ് മാർഗം കളി അരങ്ങേറിയത്.

കൈഫാനിലെ അമച്വർ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ആണ് ആയിരത്തോളം പേര് അണിനിരന്ന മെഗാ മാർഗ്ഗംകളി അരങ്ങേറിയത്. ആൺ പെൺ വ്യത്യാസമില്ലാതെ പരമ്പരാഗത നസ്രാണി വേഷമണിഞ്ഞ് ഒരേ താളത്തിൽ എല്ലാവരും ചുവട് വച്ചപ്പോൾ സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികൾക്കും അത് പുതുമയായി.

കുവൈത്ത് രാജകുടുംബാഗവും കുവൈത്ത് വിദേശകാര്യ കൗൺസിലറുമായ ഷൈയ്ക് ദുവൈജ് ഖലീഫ അൽ സബ, ലിംകാ ബുക്ക് ഓഫ് റിക്കോർഡ് പ്രതിനിധികൾ എന്നിവരും മാർഗം കളി കാണാൻ എത്തിയിരുന്നു. മൂന്ന് മാസത്തെ പരിശീലനത്തിനൊടുവിലാണ് 25 മിനുറ്റ് നീണ്ട മാർഗം കളി അരങ്ങേറിയത്. SMCA രജത ജൂബിലി ആലോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി.