കുവൈത്ത് സിറ്റി: ഇന്ത്യയടക്കം കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും, ആരോഗ്യ മന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റുമായും നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ഏകദേശ ധാരണയായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഘട്ടം ഘട്ടമായി വ്യോമ ഗതാഗതം ഈ രാജ്യങ്ങളിലേക്ക് അനുവദിച്ചേക്കും.

ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും നടപടികള്‍. ഇതില്‍ കൊവിഡ് വ്യാപനം ഏറ്റവുമധികമുള്ള രാജ്യങ്ങളിലേക്ക് വ്യോമഗതാഗതം ആരംഭിക്കുന്നത് കുറച്ചുകൂട്ടി നീട്ടിവെച്ചേക്കും. മറ്റ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ വരുന്ന ആഴ്ചകളില്‍ തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. മടങ്ങിയെത്തുന്നവര്‍ക്ക് കുവൈത്തിലെ ഹോട്ടലുകളില്‍ ഒരാഴ്‍ച മുതല്‍ 14 ദിവസം വരെ ക്വാറന്റീന്‍ സംവിധാനമൊരുക്കും. ഓരോരുത്തരും പുറപ്പെടുന്ന രാജ്യത്തെ കൊവിഡ് സ്ഥിതി അനുസരിച്ചായിരക്കും ക്വാറന്റീന്‍ ദിനങ്ങള്‍ നിജപ്പെടുത്തുക. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യങ്ങളെല്ലാം പഠന വിധേയമാക്കി തീരുമാനമെടുക്കും. 

ഇതാദ്യമായാണ് വ്യോമ ഗതാഗതം പുനഃരാരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ അനുകൂലമായ പ്രതികരണം നടത്തുന്നത്. യാത്രക്കാരെ കൊണ്ടുവരുമ്പോള്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിഷദമായ പദ്ധതിയാണ് വിമാനക്കമ്പനികള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.