കുവൈത്ത് സിറ്റി: മുനിസിപ്പല്‍ കൗണ്‍സിലില്‍ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന 150 പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രി വാലിദ് അല്‍ ജസീം നിര്‍ദേശം നല്‍കി. മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അദ്ദേഹം. 

അഡ്‍മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍, എഞ്ചിനീയറിങ്, സര്‍വീസ് സെക്ടറുകളില്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നേരത്തെ 300 പ്രവാസികളെ പിരിച്ചുവിട്ടിരുന്നു. ഇതിന് പുറമെ ഫിനാന്‍ഷ്യല്‍, അഡ്‍മിനിസ്ട്രേറ്റീവ് രംഗങ്ങളില്‍ ജോലി ചെയ്യുന്ന 25 പേരെക്കൂടി അടുത്തിടെ പിരിച്ചുവിട്ടു. ഇതിന് പിന്നാലെയാണ് 150 പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.