2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനമെങ്കിലും ചെലവ് ചുരുക്കുന്നതിനുള്ള പദ്ധതികളാണ് ആരോഗ്യ മന്ത്രാലയം സമര്‍പ്പിക്കാനിരിക്കുന്നത്. 

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്നത് കുറയ്‍ക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്‍ക്ക് വെയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സുള്ളവരുടെ ചികിത്സയ്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും നിര്‍ദേശങ്ങളിലുണ്ട്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനമെങ്കിലും ചെലവ് ചുരുക്കുന്നതിനുള്ള പദ്ധതികളാണ് ആരോഗ്യ മന്ത്രാലയം സമര്‍പ്പിക്കാനിരിക്കുന്നത്. ഇതിനുള്ള പദ്ധതികള്‍ക്കായി ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സമിതിയെ ക്യാബിനറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്കുള്ള മരുന്ന് വിതരണം കുറയ്‍ക്കുക, വിരമിച്ചവര്‍ക്കുള്ള ഹെല്‍‌ത്ത് ഇന്‍ഷുറന്‍സ് കരാറിലെ മാറ്റങ്ങള്‍, സ്വദേശികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോയി ചികിത്സ നടത്താനുള്ള അനുമതി അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാക്കുന്നത് വഴി 30 ശതമാനത്തിന്റെ കുറവ് വരുത്തുക തുടങ്ങിയവയാണ് പരിഗണനയിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.