വാഹനങ്ങളുടെയും റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെയും ഓൺലൈൻ ലേലം പ്രഖ്യാപിച്ച് ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ. ജനുവരി 11 ഞായറാഴ്ചയാണ് രണ്ട് ലേലങ്ങളും നടക്കുന്നത്. താല്പര്യമുള്ളവർക്ക് മൊബൈൽ ആപ്പ് വഴി ലേലത്തിൽ പങ്കെടുക്കാം.
ദോഹ: ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ വാഹനങ്ങളുടെയും റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെയും വിപുലമായ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു. കൗൺസിലിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘കോർട്ട് മസാദാത്ത്’ (Court Mazadat) ആപ്ലിക്കേഷൻ വഴിയാണ് ലേലം നടക്കുന്നത്.
ജനുവരി 11 ഞായറാഴ്ചയാണ് രണ്ട് ലേലങ്ങളും നടക്കുന്നത്. താല്പര്യമുള്ളവർക്ക് മൊബൈൽ ആപ്പ് വഴി ലേലത്തിൽ പങ്കെടുക്കാം. റിയൽ എസ്റ്റേറ്റ് ലേലം ജനുവരി 11രാവിലെ 9:30 മുതൽ 11 മണി വരെയാണ്. ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ഹോട്ടൽ കെട്ടിടങ്ങൾ, നിക്ഷേപ ആവശ്യങ്ങൾക്കുള്ള പ്രോപ്പർട്ടികൾ എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വസ്തുവിന്റെയും അടിസ്ഥാന വിലയും വിസ്തീർണ്ണവും ആപ്പിൽ ലഭ്യമാണ്. വാഹന ലേലം ജനുവരി 11 ന് വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ തരം വാഹനങ്ങൾ ലേലത്തിൽ ലഭ്യമാണ്. ഓരോ വാഹനത്തിനും നിശ്ചിത സുരക്ഷാ ഡിപ്പോസിറ്റ് നൽകി ലേലത്തിൽ പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ 'കോർട്ട് മസാദാത്ത്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലേലത്തിന് രജിസ്റ്റർ ചെയ്യണം. ലേലത്തിൽ പങ്കെടുക്കുന്നവർ സാധുവായ ഖത്തർ ഐഡി (QID) ഉള്ളവരായിരിക്കണം. ലേലത്തിന് വെച്ചിരിക്കുന്ന വസ്തുക്കളുടെ കൂടുതൽ വിവരങ്ങൾ, ലേല നടപടിക്രമങ്ങൾ, നിബന്ധനകൾ എന്നിവ ആപ്പിൽ വിശദമായി നൽകിയിട്ടുണ്ട്. സുതാര്യമായ രീതിയിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ആസ്തികൾ സ്വന്തമാക്കാനുള്ള അവസരമാണിത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


