ശുചിത്വ നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്താനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി. പൊതുശുചിത്വ നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആനുപാതികമായ ശിക്ഷാ നടപടികളും പിഴയും സ്വീകരിക്കണമെന്നാണ് ആവശ്യം.
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് വർധിച്ച സാഹചര്യത്തിൽ, ശുചിത്വ നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. ട്രാഫിക്, വൈദ്യുതി, ജല, പരിസ്ഥിതി നിയമങ്ങൾ ആവശ്യപ്പെടുന്നതുപോലെ, മുനിസിപ്പാലിറ്റിയുടെ മേൽനോട്ട, റെഗുലേറ്ററി ബോഡികൾ പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുശുചിത്വ നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആനുപാതികമായ ശിക്ഷാ നടപടികളും പിഴയും സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ മുഹമ്മദ് അൽ സിന്ദാൻ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉറപ്പാക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.


