കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ച് ഘട്ട നടപടികളില്‍ അവസാന ഘട്ടം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ അഞ്ചാം ഘട്ടം ആരംഭിക്കേണ്ടന്ന് കുവൈത്ത് സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്റം പറഞ്ഞു. അതേ സമയം ഇന്ത്യന്‍ എംബസിയില്‍ നടന്ന് വന്നിരുന്ന ഓപ്പണ്‍ ഹൗസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചന്ന് എംബസി അധികൃതര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ച് ഘട്ട നടപടികളില്‍ അവസാന ഘട്ടം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈത്തില്‍ വീണ്ടും പ്രതിദിന രോഗനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ചാം ഘട്ടം തല്‍ക്കാലം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നാലാം ഘട്ടം തുടരാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്റം അറിയിച്ചു.

തിയേറ്ററുകള്‍ക്കും സാംസ്‌ക്കാരിക പരിപാടികള്‍ക്കും അഞ്ചാം ഘട്ടത്തില്‍ അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. അതേ സമയം കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയില്‍ പ്രതിവാരം നടത്തിവന്നിരുന്ന ഓപ്പണ്‍ ഹൗസ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് എംബസി അറിയിച്ചു. എന്നാല്‍ അത്യാവശ്യ സഹായം വേണ്ടവര്‍ക്ക് മുന്‍കൂര്‍ അനുമതി എടുത്ത് എംബസിയെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.