കുവൈത്ത് സന്ദർശിച്ചപ്പോൾ തനിക്കുണ്ടായ വ്യക്തിപരമായ ഒരു അനുഭവം മോദി പങ്കുവെച്ചു. അവിടെ വെച്ച് കണ്ട ഒരു കുവൈത്തി പൗരൻ ഇന്ത്യയുടെ പുരാതന സമുദ്ര വ്യാപാര പാതകളെക്കുറിച്ചുള്ള അപൂർവ രേഖകളുടെ ശേഖരം തനിക്ക് സമ്മാനിച്ചതായി മോദി പറഞ്ഞു.
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്‍റെ ഒരു ഭാഗം സംരക്ഷിക്കുന്നതിൽ കുവൈത്തിനുള്ള പങ്ക് എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദില്ലിയിലെ വിജ്ഞാൻ ഭവനിൽ നടന്ന 'ജ്ഞാൻ ഭാരതം അന്താരാഷ്ട്ര സമ്മേളനത്തിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് സന്ദർശിച്ചപ്പോൾ തനിക്കുണ്ടായ വ്യക്തിപരമായ ഒരു അനുഭവം അദ്ദേഹം പങ്കുവെച്ചു. അവിടെ വെച്ച് കണ്ട ഒരു കുവൈത്തി പൗരൻ ഇന്ത്യയുടെ പുരാതന സമുദ്ര വ്യാപാര പാതകളെക്കുറിച്ചുള്ള അപൂർവ രേഖകളുടെ ശേഖരം തനിക്ക് സമ്മാനിച്ചതായി മോദി പറഞ്ഞു.
ഈ വ്യക്തിപരമായ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ഇത്തരം അമൂല്യ വസ്തുക്കൾ രേഖപ്പെടുത്തുകയും ഡിജിറ്റൽവത്കരിക്കുകയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തുപ്രതികളുടെ ശേഖരമുണ്ട്, രാജ്യത്തുടനീളം ഏകദേശം 10 ദശലക്ഷം കൈയെഴുത്തുപ്രതികൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ഈ രേഖകൾ ചരിത്രത്തെ മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ ആത്മാവിനെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


