കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ചുകൊണ്ട് കൊവിഡ് വാക്‌സിന്‍ ക്യാമ്പയിന്‍ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. 

ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ്, ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാല്‍ അല്‍സായര്‍ എന്നിവരും വാക്‌സിന്‍ സ്വീകരിച്ചു. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും അന്താരാഷ്ട്ര ഏജന്‍സികള്‍ അംഗീകരിച്ചതുമാണെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹ് പറഞ്ഞു. 

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ലിങ്കില്‍ പ്രവേശിച്ച് വിദേശികള്‍ക്കും രജിസ്‌ട്രേഷന്‍ നടത്താം. സൗജന്യമായാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. പേര്, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, സിവില്‍ ഐഡി സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അപ്പോയിന്റ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണ്‍ സന്ദേശത്തിലൂടെ ലഭിക്കും. അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന സമയത്ത് നിശ്ചിത കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണം.