ലോക സന്തോഷ സൂചികയിൽ മികച്ച സ്ഥാനം നേടി കുവൈത്ത്. ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനമാണ് കുവൈത്ത് സ്വന്തമാക്കിയത്. 

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ മികച്ച സ്ഥാനം നേടി കുവൈത്ത്. ആഗോളതലത്തിൽ 30-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും കുവൈത്തിനുള്ളത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെൽ-ബീയിംഗ്, ഗാലപ്പ്, യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്നിവ സംയുക്തമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. താമസക്കാർക്കിടയിലെ ഉയർന്ന ജീവിത സംതൃപ്തിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 2022 മുതൽ 2024 വരെയുള്ള കാലയളവിലെ വിവരങ്ങൾ അടിസ്ഥാനമാക്കി, വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തലുകൾ കണക്കിലെടുത്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സാമൂഹിക ഐക്യം, കാരുണ്യ പ്രവർത്തനങ്ങൾ, പൊതു വിശ്വാസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ കുവൈത്ത് കൈവരിച്ച പുരോഗതി റിപ്പോർട്ട് എടുത്തു കാണിക്കുന്നു. ജീവിത സംതൃപ്തി അളക്കുന്ന പ്രധാന സൂചികയായ കാൻട്രിൽ ലാഡറിൽ കുവൈത്ത് ആഗോളതലത്തിൽ 30-ാം സ്ഥാനത്തെത്തി. ഉപസൂചകകളിലും രാജ്യം മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്ലോബൽ ഡൊണേഷൻ ഇൻഡക്സിൽ 33-ാം സ്ഥാനവും, സന്നദ്ധപ്രവർത്തനത്തിൽ 46-ാം സ്ഥാനവും, അപരിചിതരെ സഹായിക്കുന്നതിൽ 27-ാം സ്ഥാനവും കുവൈത്ത് നേടി. ഗൾഫ് മേഖലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ് ഒന്നാം സ്ഥാനത്ത്. ആഗോള സന്തോഷ സൂചികയിൽ 21-ാം സ്ഥാനത്താണ് യുഎഇ.