ജിസിസി രാജ്യങ്ങളിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ പുകവലിക്കാർ ഉള്ള രാജ്യം കുവൈത്ത്. പുതിയ ആരോഗ്യ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, കുവൈത്തിലെ പുരുഷന്മാരിൽ 41 ശതമാനം പേർ പുകവലിക്കുന്നവരാണ്.

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ പുകവലിക്കാർ ഉള്ള രാജ്യം കുവൈത്തെന്ന് കണക്കുകൾ. കുവൈത്ത് സിറ്റിയിൽ നടന്ന ദേശീയ ബോധവൽക്കരണ ശിൽപശാലയിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ ആരോഗ്യ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, കുവൈത്തിലെ പുരുഷന്മാരിൽ 41 ശതമാനം പേർ പുകവലിക്കുന്നവരാണ്. ഇത് യുഎഇ (35 ശതമാനം), ബഹ്‌റൈൻ (33 ശതമാനം) എന്നീ രാജ്യങ്ങളിലെ നിരക്കുകളെക്കാൾ കൂടുതലാണ്.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നാഷണൽ കാൻസർ ബോധവത്കരണ കാമ്പയിൻ അവരുടെ 'പിങ്ക് ലൈഫ്‌ലൈൻ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിലെ എപ്പിഡെമിയോളജി ആൻഡ് കാൻസർ രജിസ്ട്രി യൂണിറ്റ് മേധാവി ഡോ. അമാനി അൽ-ബാസ്മിയാണ് ഈ വിവരങ്ങൾ അവതരിപ്പിച്ചത്. 'പുകവലിയും സ്തനാർബുദവും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലായിരുന്നു ശിൽപശാല. മേഖലയിലുടനീളമുള്ള പുകയില ഉപയോഗത്തിന്റെ വർധിച്ചുവരുന്ന ആരോഗ്യപരമായ അപകടങ്ങളിലേക്കും ഇത് വെളിച്ചം വീശുകയാണ്.