കുവൈത്ത് സിറ്റി: കുവൈത്തില്‍ പട്ടിണി കാരണം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്ന തരത്തില്‍ ഇന്ത്യന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍. 2016 ജനുവരി 16നും 2019 ഓഗസ്റ്റ് 22നും ഇടയില്‍ കുവൈത്തില്‍ 121 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തുവെന്നും പട്ടിണിയും തൊഴില്‍ പീഡനവും മറ്റ് ദുരിതങ്ങളുമാണ് ഇതിന് കാരണമെന്നുമാണ് ദ ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നത്.

ആന്ധ്രാപ്രദേശ് നോണ്‍ റസിഡന്റ് തെലുഗു സൊസൈറ്റിയെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2016 ജനുവരി 16നും 2019 ഓഗസ്റ്റ് 22നും ഇടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 174 ഇന്ത്യക്കാര്‍ മരിച്ചുവെന്നും ഇതില്‍ 121 പേരും കുവൈത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണി, മോശം കാലാവസ്ഥ, തൊഴിലുടമകളുടെ പീഡനം എന്നിവ കാരണം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മാനവ വിഭവശേഷി അതോരിറ്റിയും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളും നിരവധി ഔദ്യോഗിക ഏജന്‍സികളും രംഗത്തെത്തി.

വാര്‍ത്ത അടിസ്ഥാനരഹിതവും യാഥാര്‍ത്ഥ്യത്തിന് വിരുദ്ധവുമാണെന്ന് കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. വിശപ്പുമൂലം ഒരാള്‍ക്ക് ജീവനൊടുക്കേണ്ട സാഹചര്യം കുവൈത്തില്‍ ഇല്ല. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ പോലും കുവൈത്തിന് ഒന്നാം സ്ഥാനമാണ് അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തില്‍ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് നടത്തിയ പഠനത്തില്‍ ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും റെഡ് ക്രസന്റ് വഴി കുവൈത്ത് ഭക്ഷണം എത്തിക്കുന്നു. ഇന്ത്യന്‍വിദേശകാര്യ മന്ത്രിയുമായി കുവൈത്ത് അധികൃതര്‍ ഇതുവരെ നടത്തിയ കൂടിക്കാഴ്ചകളിലൊന്നും ഉന്നയിച്ചിട്ടില്ലാത്ത കാര്യം വാര്‍ത്തയായി വന്നത് ഗൗരവമായി കാണുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.