കുവൈത്ത് സിറ്റി: കുവൈത്തിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും നാളെ മുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം. രാവിലെ അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും ഇതിനുള്ള അനുമതിയെന്ന് ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പ്രഖ്യാപിക്കുന്നതിനുള്ള കമ്മിറ്റി അറിയിച്ചു.

രാത്രി എട്ട് മണിക്ക് ശേഷമുള്ള ഓര്‍ഡറുകള്‍ പാര്‍സലായോ അല്ലെങ്കില്‍ ഹോം ഡെലിവറി രീതിയിലോ മാത്രമായിരിക്കണം സ്വീകരിക്കേണ്ടതെന്ന് കമ്മിറ്റി തലവനും മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലുമായ അഹ്‍മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനോടൊപ്പം രാജ്യത്തെ റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുകയും വേണം. ജനത്തിരക്ക് കുറയ്‍ക്കാനായി റസ്റ്റോറന്റുകളിലെത്തുന്നതിന് മുമ്പ് ഉപഭോക്താക്കളില്‍ നിന്ന് ബുക്കിങ് സ്വീകരിക്കുന്നതടക്കമുള്ള സംവിധാനങ്ങളൊരുക്കണം. എല്ലാ ദിവസും ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം. എല്ലാ ഉപഭോക്താക്കളെയും  സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് മുമ്പും ശരീര താപനില പരിശോധന നിര്‍ബന്ധമാണ്.