തുണിയില്‍ പൊതിഞ്ഞ് ചവറ്റുകുട്ടയുടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നവജാത ശിശുവിനെ (Newborn baby) ചവറ്റുകുട്ടയുടെ അടുത്തുനിന്ന് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ (Farwaniya) നിന്നാണ് ഒരു വീട്ടുജോലിക്കാരി കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് ചവറ്റുകുട്ടയുടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
പ്രദേശത്തുകൂടി നടക്കുന്നതിനിടെ ഒരു ചവറ്റുകുട്ടയുടെ സമീപം തുണയില്‍ പൊതിഞ്ഞ നിലയില്‍ എന്തോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ താന്‍ പരിശോധിക്കുകയായിരുന്നു എന്നാണ് സ്‍ത്രീ ഫര്‍വാനിയ പൊലീസില്‍ അറിയിച്ചത്. തുണി തുറന്നു പരിശോധിച്ചപ്പോള്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിഭാഗത്തെ അറിയിക്കുകയും കുഞ്ഞിനെ അടിയന്തര പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍തു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ കണ്ടെത്തിയ വീട്ടുജോലിക്കാരിയുടെ മൊഴി വിശ്വാസയോഗ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്.
