കുവൈത്ത് സിറ്റി: പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ പുതിയ നടപടികളുമായി കുവൈത്ത്. നടപടികൾക്ക് നേതൃത്വം നൽകുന്ന മന്ത്രിസാഭാസമിതി പഠനം ആരംഭിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് ഇഖാമ പുതുക്കി നൽകേണ്ടതില്ലന്നതടക്കം 10 നിർദേശങ്ങളാണ് സമിതിക്ക് മുന്നിലുള്ളത്.

ആഭ്യന്തര മന്ത്രാലയത്തിന്റെയും, മാൻ പവർ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് മന്ത്രിസഭാസമിതി പഠനം ആരംഭിച്ചത്. കുവൈത്തിൽ സ്വദേശികളുടേയും വിദേശികളുടേയും എണ്ണത്തിലെ അന്തരം കുറച്ച് കൊണ്ടുവരികയാണ് സമിതിയുടെ പ്രധാന ദൗത്യം. പാർലമെന്‍റും വിവിധ മന്ത്രാലയങ്ങളും സമർപ്പിച്ച നിർദേശങ്ങളും സമിതി പരിശോധിക്കും. 

ഇതനുസരിച്ച് അഞ്ച് വർഷത്തേക്ക് വിസാ മാറ്റം കർശനമായി നിരോധിക്കും. ഇതിനിടയിൽ വിസാ മാറ്റത്തിന് മുതിർന്നാൽ നാട്ടിലേയ്ക്ക് മടക്കി അയക്കും. 65 വയസ് കഴിഞ്ഞ വിദേശികളെ മടക്കി അയക്കുക,  സർക്കാർ മേഖലയിലേക്ക് ലോക്കൽ റിക്രൂട്ട്മെന്റ് നടത്തുക, വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുക, നിയമം ലംഘിക്കുന്ന തൊഴിലാളികൾക്ക് കടുത്ത ശിക്ഷ നൽകുക, ഇഖാമ ഫീസ് വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് സമിതിക്ക് മുന്നിലുള്ള പ്രധാന നിർദ്ദേശങ്ങൾ.