കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിലേക്ക് പോയ ശേഷം തിരികെ മടങ്ങാനാകാതെ കുടുങ്ങിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം കുവൈത്ത് ആരോഗ്യ മന്ത്രാലയം മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. അവധി കഴിഞ്ഞ ശേഷവും തിരികെയെത്താത്ത ജീവനക്കാരുടെ ശമ്പളമാണ് മരവിപ്പിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് കുവൈത്ത് ദിനപ്പത്രമായ 'അല്‍ ജരീദ' റിപ്പോര്‍ട്ട് ചെയ്തു. 

വിമാന സര്‍വ്വീസുകള്‍ നിലച്ചത് മൂലം അവധിക്ക് നാട്ടില്‍ പോയി കാലാവധി കഴിഞ്ഞും കുവൈത്തിലേക്ക് മടങ്ങാനാകാത്ത ആയിരക്കണക്കിന് വിദേശ ജീവനക്കാരാണുള്ളത്. ഓഗസ്റ്റ് ഒന്ന് മുതല്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും 32 രാജ്യങ്ങള്‍ക്ക് വിലക്ക് നിലനില്‍ക്കുകയാണ്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ വലിയൊരു വിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ പ്രത്യേകമായി തിരികെയെത്തിക്കുന്നത് അധികൃതരുടെ പരിഗണനയിലാണ്. 

കുവൈത്തിലേക്കുള്ള പ്രവാസികളുടെ യാത്രാ വിലക്ക്; തീരുമാനം അടുത്തയാഴ്ച