Asianet News MalayalamAsianet News Malayalam

കുവൈത്തിലേക്കുള്ള പ്രവാസികളുടെ യാത്രാ വിലക്ക്; തീരുമാനം അടുത്തയാഴ്ച

കുവൈത്ത് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും വാണിജ്യ വിമാന സര്‍വീസുകളുടെ കാര്യത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുകയെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ മേധാവി താരിഖ് അല്‍ മുസ്‍റം പറഞ്ഞു. 

kuwait to review travel restrictions from 32 countries next week
Author
Kuwait City, First Published Aug 25, 2020, 8:43 AM IST

കുവൈത്ത് സിറ്റി: ഇന്ത്യ അടക്കമുള്ള 32 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അടുത്തയാഴ്ച പുനഃപരിശോധിക്കും. ഓരോ രാജ്യങ്ങളിലെയും നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. വിലക്കുള്ള പട്ടികയില്‍  എപ്പോള്‍ വേണമെങ്കിലും പുതിയ  രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇപ്പോഴുള്ളവ ഒഴിവാക്കപ്പെടുകയോ ചെയ്യാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കുവൈത്ത് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും വാണിജ്യ വിമാന സര്‍വീസുകളുടെ കാര്യത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുകയെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ മേധാവി താരിഖ് അല്‍ മുസ്‍റം പറഞ്ഞു. വീടുകളിലോ മറ്റിടങ്ങളിലോ ഉള്ള ക്വാറന്റീന്‍ സംബന്ധിച്ച കാര്യങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും തീരുമാനം. വിമാന യാത്രാ വിലക്കിന്റെ കാര്യത്തില്‍ ഓരോ രാജ്യങ്ങളിലെയും കൊവിഡ് വ്യാപനം കൂടുന്നതും കുറയുന്നതുമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അടക്കം വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നിലവില്‍ നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസമില്ല. എന്നാല്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്നതിനുള്ള പരിശോധനാ ഫലം ഹാജരാക്കണം.

Follow Us:
Download App:
  • android
  • ios