കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ഏത് അത്യാവശ്യ സാഹചര്യങ്ങളെയും നേരിടാന്‍ കുവൈത്ത് സജ്ജമാണെന്ന് യൂണിയന്‍ ഓഫ് കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സൊസൈറ്റീസ് ചെയര്‍മാന്‍ മിഷ്അല്‍ അല്‍ സയ്യാര്‍ അറിയിച്ചു. മേഖലയില്‍ പൂര്‍ണമോ ഭാഗികമോ ആയ യുദ്ധമുണ്ടാവുകയാണെങ്കില്‍ രാജ്യത്തിന്റെ ഉറപ്പുവരുത്താനുള്ള എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ആറ് മാസത്തേക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ സംഭരിക്കണമെന്ന് കാണിച്ച് നേരത്തെ സഹകരണ സൊസൈറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി മിഷ്അല്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംഭരണശേഷിയില്ലാത്ത കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ആവശ്യമായ സംഭരണശാലകള്‍ തയ്യാറാക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ അധികൃതര്‍ നടപടിയെടുക്കുന്നുണ്ട്. യുദ്ധമുണ്ടാകുമെന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം മുന്‍കരുതലുകളെടുക്കുന്നതെന്നും എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള പൊതുവായ മുന്‍കരുതലുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസത്തേക്ക് ആവശ്യമായ മരുന്നുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും കരുതിയിട്ടുണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സമീപകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.