Asianet News MalayalamAsianet News Malayalam

നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ മുമ്പെങ്ങുമില്ലാത്തത്ര ശക്തമായ പരിശോധന തുടങ്ങുന്നു

ഏകദേശം 75,000 അനധികൃത താമസക്കാര്‍ കുവൈത്തിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ദീര്‍ഘകാലമായി നിയമലംഘനം തുടരുന്നതിനാല്‍ ഇവര്‍ക്ക് രേഖകള്‍ ഇനി ശരിയാക്കാന്‍ സാധ്യവുമല്ല. എന്നാല്‍ പിഴയടച്ച് രേഖകള്‍ ശരിയാക്കാവുന്ന ഏകദേശം 15,000 നിയമലംഘകര്‍ വേറെയുമുണ്ട്. 

kuwait to start intense campaign to deport illegal expatriates
Author
Kuwait City, First Published Aug 28, 2020, 10:56 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനുള്ള കാമ്പയിന് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കി. മുമ്പെങ്ങുമില്ലാത്തത്ര ശക്തമായ പരിശോധനകള്‍ നടത്താനാണ് തീരുമാനമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലില്‍ അനുവദിച്ചിരുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരെയാണ് ലക്ഷ്യമിടുന്നത്.

ഏകദേശം 75,000 അനധികൃത താമസക്കാര്‍ കുവൈത്തിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ദീര്‍ഘകാലമായി നിയമലംഘനം തുടരുന്നതിനാല്‍ ഇവര്‍ക്ക് രേഖകള്‍ ഇനി ശരിയാക്കാന്‍ സാധ്യവുമല്ല. എന്നാല്‍ പിഴയടച്ച് രേഖകള്‍ ശരിയാക്കാവുന്ന ഏകദേശം 15,000 നിയമലംഘകര്‍ വേറെയുമുണ്ട്. വിമാനത്താവളങ്ങള്‍ തുറന്ന് വ്യോമഗതാഗതം പൂര്‍വസ്ഥിതിയിലായ ഉടനെ പരിശോധന ആരംഭിക്കും. അറസ്റ്റ് ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനുകളിലും നാടുകടത്തല്‍ കേന്ദ്രത്തിലും കൂട്ടമായി പാര്‍പ്പിച്ച് കൊവിഡ് വ്യാപന സാധ്യതയുണ്ടാക്കാതെ ഉടന്‍തന്നെ നാടുകടത്തുന്നതിന് വേണ്ടിയാണിത്.

വിവിധ തലങ്ങളില്‍ പരിശോധന നടത്തുമെന്നും മുന്‍കാലങ്ങളിലൊന്നും സ്വീകരിക്കാത്ത നടപടികള്‍ ഇതിനായി ആവിഷ്കരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിയമലംഘകര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ തന്നെ സുരക്ഷാ വകുപ്പുകളുടെ നിരീക്ഷണത്തിലാണ്. ഇവിടങ്ങളില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യും. ഏപ്രിലില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് വലിയൊരു ശതമാനം നിയമലംഘകരും ഉപയോഗപ്പെടുത്താത്തതിനാല്‍ ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. 26,000 പേര്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയത്. അനുഭാവപൂര്‍ണമായ പരിഗണന ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പലരും അവസാന നിമിഷം വരെ രാജ്യത്ത് തുടരുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios