മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്ന് ബോട്ട് കുവൈത്തില്‍ എത്തിയ ഉടനെയായിരുന്നു പരിശോധന നടത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ 700 ബോട്ടില്‍ മദ്യം ഈ ആഡംബര നൗകയിലുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുവൈത്ത് സിറ്റി: ഉല്ലാസ നൗകയില്‍ വന്‍മദ്യശേഖരം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. ബോട്ടിന്റെ ഉടമയെന്ന് കരുതപ്പെടുന്ന, അറബ് ലോകത്ത് പ്രശസ്‍തനായ ഒരു സോഷ്യല്‍ മീഡിയ താരത്തിനായി കുവൈത്ത് അധികൃതര്‍ അന്വേഷണം തുടരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാര്‍ഡും ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസുമാണ് അന്വേഷണം നടത്തുന്നത്.
മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്ന് ബോട്ട് കുവൈത്തില്‍ എത്തിയ ഉടനെയായിരുന്നു പരിശോധന നടത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ 700 ബോട്ടില്‍ മദ്യം ഈ ആഡംബര നൗകയിലുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശോധന നടക്കുമ്പോള്‍ ഒരു കുവൈത്ത് പൗരനും ഒരു ഫിലിപ്പെനിയുമാണ് ബോട്ടിലുണ്ടായിരുന്നത്. ഫിലിപ്പൈന്‍സ് സ്വദേശി ബോട്ടിന്റെ ക്യാപ്റ്റനായിരുന്നു. കുവൈത്ത് സ്വദേശിയാവട്ടെ ബോട്ടിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന കമ്പനിയുടെ പ്രതിനിധിയും. ബോട്ടിന്റെ ഉടമയെ കണ്ടെത്താനായി വിപുലമായ അന്വേഷണം നടക്കുകയാണെന്നും ആര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ലെന്നും സുരക്ഷാ വകുപ്പുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും അതില്‍ വന്‍ മദ്യശേഖരം ഉണ്ടെന്ന് അറിവുണ്ടായിരുന്നതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊഴികള്‍ പരസ്‍പര വിരുദ്ധമാണ്. മദ്യം സ്വകാര്യ ഉപയോഗത്തിനുള്ളതായിരുന്നെന്നാണ് ഒരാളുടെ മൊഴിയെങ്കില്‍ കള്ളക്കടത്തിനുള്ള ശ്രമമാണെന്നായിരുന്നു രണ്ടാമന്‍ അധികൃതരോട് പറഞ്ഞത്. മറ്റൊരു ജി.സി.സി രാജ്യത്തു നിന്നാണ് ബോട്ട് കുവൈത്തിലെത്തിയത്.
