രാവിലെ 11നും വൈകുന്നേരം 4 നും ഇടയിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിലവിൽ നിരോധനം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കി അധികൃതർ. ജൂൺ 1നും ജൂൺ 30നും ഇടയിൽ 33 തൊഴിലാളികൾ ഉച്ചജോലി നിരോധനം ലംഘിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മെയ് 31 മുതൽ ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കുന്ന നിരോധനം തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്.
രാവിലെ 11നും വൈകുന്നേരം 4 നും ഇടയിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അധികൃതർ 60 സ്ഥലങ്ങൾ സന്ദർശിക്കുകയും 30 കമ്പനികൾക്കെതിരെ നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. തുടർ സന്ദർശനങ്ങളിൽ ആവർത്തിച്ചുള്ള നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല.
ഈ കാലയളവിൽ പൊതുജനങ്ങളിൽ നിന്ന് 12 റിപ്പോർട്ടുകൾ ലഭിച്ചതായും 30 കമ്പനികളുടെ പുനഃപരിശോധനകൾ പൂർത്തിയാക്കിയതായും അതോറിറ്റി വ്യക്തമാക്കി. ഉച്ചജോലി നിരോധനത്തിന്റെ ഏതെങ്കിലും ലംഘനങ്ങൾ 61922493 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. കൊടും വേനൽ മാസങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സഹകരണത്തിന്റെ പ്രാധാന്യം മാൻപവർ അതോറിറ്റി ഊന്നിപ്പറഞ്ഞു.


