കുവൈത്ത്: ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ കുവൈത്ത് മുൻസിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അൽ ജാസിമിൻറെ നിർദേശത്തെ തുടർന്നാണ് നടപടി. 
കൊവിഡ് 19 വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന 50 % വിദേശികളെ പിരിച്ച് വിടാൻ മന്ത്രിവലിദ് അൽ ജാസിo ഉത്തരവിട്ടത്. ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. 

എഞ്ചിനീയർമാർ, നിയമവിദഗ്ദർ , സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്നവർ എന്നിവർക്കടക്കം ജോലി നഷ്ടമാകും. പെരുന്നാളിന് ശേഷമാകും ഒഴിവാക്കൽ നടപടി ആരംഭിക്കുക. നിലനിർത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോർട്ട് വകുപ്പ് മേധാവികൾ സമർപ്പിക്കണം വിദേശികളെ മുൻസിപ്പാലിറ്റിയിൽ നിയമിക്കുന്നതും നിർത്തി. സ്വദേശിവത്ക്കരണത്തിൻറെ ഭാഗം കൂടിയാണ് പുതിയ നടപടി. 

അതിനിടെ 325 ഇന്ത്യക്കാർ ഉൾപ്പെടെ 1041  പേർക്ക് കുവൈത്തില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊ വിഡ് ബാധിച്ചവരുടെ ആകെ എണ്ണം 18609 ആയി. 5 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 129 ആയി ഉയർന്നു. അതിനിടെ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെക്കൊണ്ടുള്ള 2 വിമാനങ്ങൾ വെള്ളിയാഴ്ച ഇന്ത്യയിലെത്തും. വിജയ് വാഡാ, ലഖ്നൗ എന്നിവടങ്ങളിലേക്ക് ജസീറ എയർവെയ്സിൻറെ വിമാനങ്ങളാണ് സർവ്വീസ് നടത്തുക.