അതിഥികള്‍ നല്‍കിയ കോടിക്കണക്കിന് വിലയേറിയ സമ്മാനങ്ങള്‍ക്ക് പുറമെയാണ് മുകേഷും നിതയും മകനും മരുമകള്‍ക്കും നല്‍കിയ ഈ ആഢംബര സമ്മാനം. 

ദുബായ്: ഇന്ത്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക അംബാനിയുടെയും അത്യാഢംബര വിവാഹത്തിന്‍റെ വാര്‍ത്തകളും വിശേഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതാണ്. ആഢംബരത്തിന്‍റെ അവസാന വാക്ക് എന്ന രീതിയില്‍ നടത്തിയ വിവാഹത്തിന് ശേഷവും അനന്തിന്‍റെയും രാധികയുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 

2024 ജൂലെയിലാണ് അനന്തിന്‍റെയും രാധികയുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹത്തിന് മുകേഷ് അംബാനിയും നിത അംബാനിയും അനന്തിനും രാധികയ്ക്കും നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ആഢംബരം ഒട്ടും കുറയാത്ത ദുബായിലെ പാം ജുമൈറയില്‍ വലിയൊരു ബംഗ്ലാവ് ആണ് മുകേഷും നിതയും മകനും മരുമകള്‍ക്കും സമ്മാനിച്ചത്. ഈ ബംഗ്ലാവിന്‍റെ പ്രത്യേകതകളാണ് പുറത്തുവരുന്നത്. 640 കോടി രൂപ വിലമതിക്കുന്ന, 3,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവിന് നിരവധി പ്രത്യേകതകളുണ്ട്. 10 ആഢംബര മുറികളാണ് ഇതിലുള്ളത്. കൂടാതെ 70 മീറ്റര്‍ സ്വകാര്യ ബീച്ചും ഈ ബംഗ്ലാവിന്‍റെ പ്രത്യേകതയാണ്. 

ബംഗ്ലാവിന്‍റെ രൂപകല്‍പ്പന തന്നെ വളരെ അതിശയിപ്പിക്കുന്നതാണ്. ആധുനിക ആശയങ്ങള്‍ക്കൊപ്പം ആഢംബരവും സമന്വയിപ്പിച്ചാണ് ബംഗ്ലാവിന്‍റെ നിര്‍മ്മിതി. ലോകോത്തര നിലവാരമുള്ള വസ്തുക്കളാണ് ബംഗ്ലാവിലുള്ളത്. 10 വിശാലമായ കിടപ്പുമുറികള്‍- സ്വകാര്യതക്ക് ഒരു കുറവും വരാത്ത രീതിയിലുള്ളതാണ് ഈ മുറികള്‍. മുറികളിലിരുന്ന് തന്നെ കടല്‍ കാഴ്ച ആസ്വദിക്കാനാകും. പ്രൈവറ്റ് സ്പാ ഏരിയ, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, സലൂണ്‍, വിശാലമായ ഡൈനിങ് ഏരിയ എന്നിവ ഈ ബംഗ്ലാവിന്‍റെ സവിശേഷതകളാണ്.

2022 ഏപ്രിലില്‍ 640 കോടി രൂപ മുടക്കിയാണ് മുകേഷ് അംബാനി ഈ സ്ഥലം വാങ്ങിയത്. ആ സമയത്ത് ദുബൈയിലെ ഏറ്റവും വിലയേറിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഒന്നായിരുന്നു ഇത്. ഈ റെക്കോര്‍ഡിന് പിന്നാലെ തന്നെ മുകേഷ് അംബാനി പാം ജുമൈറയില്‍ മറ്റൊരു ബംഗ്ലാവും സ്വന്തമാക്കി. അതും ഏകദേശം 1,350 കോടി രൂപയ്ക്ക്. അനന്തിന്‍റെ വിവാഹത്തിന് അതിമനോഹരമായ 640 കോടിയുടെ ബംഗ്ലാവ് സമ്മാനമായി നല്‍കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം