നിയമലംഘനം നടത്തിയ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പ്രൊഫഷണൽ ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കി.
ദോഹ: നിയമലംഘനം നടത്തിയ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ യൂണിറ്റിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. അനുവദിക്കപ്പെട്ട പ്രവർത്തന പരിധികൾക്ക് പുറത്ത് സേവനങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
നിയമലംഘനം നടത്തിയ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പ്രൊഫഷണൽ ലൈസൻസുകൾ താൽക്കാലികമായി റദ്ദ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. വൈദ്യശാസ്ത്രം, ദന്തചികിത്സ, ശസ്ത്രക്രിയ എന്നീ മേഖലകളുടെ പ്രാക്ടീസുമായി ബന്ധപ്പെട്ട 1983ലെ നിയമത്തിന്റെയും, പ്രൊഫഷണൽ ലൈസൻസ് പരിധി നിയന്ത്രിക്കുന്ന ചട്ടങ്ങളുടെയും നയങ്ങളുടെയും ലംഘനമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖത്തറിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. രാജ്യത്തെ എല്ലാ ആരോഗ്യപ്രവർത്തകരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


