Asianet News MalayalamAsianet News Malayalam

Saudi Arabia Grand Prix 2021 : ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിയില്‍ ഒന്നാം സ്ഥാനത്തെത്തി ലൂയിസ് ഹാമിൽട്ടൻ

ജിദ്ദയിൽ സമാപിച്ച ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിയിലാണ്  മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൽട്ടൺ കിരീടമണിഞ്ഞത്.

Lewis Hamilton wins Saudi Arabia Grand Prix 2021 Formula 1 Race
Author
Riyadh Saudi Arabia, First Published Dec 6, 2021, 7:49 PM IST

റിയാദ്: ലോകത്തേറ്റവും വേഗമേറിയ കാറോട്ട താരത്തെ നിശ്ചയിക്കുന്ന ഫോർമുല വൺ (Formula 1) കാറോട്ട മത്സരത്തിൽ മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടണ് (Lewis Hamilton) കിരീടം. ജിദ്ദയിൽ ഞായറാഴ്ച രാത്രി സമാപിച്ച സൗദി ഗ്രാൻഡ് പ്രി (Saudi Arabia Grand Prix 2021) മത്സരത്തിലാണ് ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്തേക്ക് കാറോടിച്ചുകയറിയത്. ഹോളണ്ട് താരം മാക്സ് വെർസ്റ്റാപനെയാണ് (Max Verstappen)  പരാജയപ്പെടുത്തിയത്. 

സമനിലയിൽ കുതിച്ചുതുടങ്ങിയ ഇരുവരും ഒടുവിൽ ഓടിയെത്തുമ്പോൾ ഹാമിൽട്ടൺ വളരെ മുന്നിലെത്തുകയായിരുന്നു. കിരീടം കൊതിച്ച വെർസ്റ്റാപന്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെട്ടു. ഫിൻലന്റ് താരം വലേരി ബോട്ടാസ് മൂന്നാം സ്ഥാനത്ത് കാറോടിച്ചെത്തി. ആദ്യ മൂന്ന് പരീക്ഷണ റൗണ്ടുകളിലും യോഗ്യതാ മത്സരത്തിലും ഹാമിൽട്ടൺ തന്നെയായിരുന്നു മുന്നിലെത്തിയത്. 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ നേരിട്ടെത്തി വീക്ഷിച്ച ഫൈനൽ റൗണ്ട് മത്സരമാണ് ജിദ്ദ കോർണിഷിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രാക്കിൽ നടന്നത്. സൗദി അറേബ്യ ആദ്യമായാണ് ഫോർമുല വൺ കാറോട്ട മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്താരാഷ്ട്ര ചാമ്പ്യന്മാരടക്കം 20 കാറോട്ട താരങ്ങളാണ് മത്സരത്തിൽ അണിനിരന്നത്. മത്സരം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിനാളുകൾ കോർണിഷിലേക്ക് ഒഴുകിയെത്തി. 

Follow Us:
Download App:
  • android
  • ios