കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സിംഹത്തിന്റെ ആക്രമണത്തില്‍ (lioness attack) വിദേശി മരിച്ചു. ബുറൈദയിലെ അസീലാന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് (Osaylan Wildlife Park) സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംബന്ധിച്ച് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (National Center for Wildlife) പ്രസ്‍താവന പുറത്തിറക്കി.
കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ജീവനക്കാരനെ കൂട്ടില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇയാള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അധികൃതര്‍ ഇടപെട്ട് സ്വകാര്യ പാര്‍ക്കിലെ വന്യജീവികളെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ആക്രമണ സ്വഭാവമുള്ളവ ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളെ നിയമ വിരുദ്ധമായി പ്രദര്‍ശിപ്പിച്ചതിനും രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി മൃഗങ്ങളെ കൊണ്ടുപോയതിനും പാര്‍ക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ കടത്തുന്നതും അവയെ ഉടമസ്ഥതയില്‍ വെയ്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റകരമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും മൂന്ന് കോടി ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് എവിടെയെങ്കിലും ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെ 'ഫിതിരി' പ്ലാറ്റ്ഫോം വഴി നേരിട്ടോ അല്ലെങ്കില്‍ സുരക്ഷാ വകുപ്പുകള്‍ വഴിയോ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു. വന്യജീവികളെ വളര്‍ത്തുന്നവരും ഉടമസ്ഥതയില്‍ സൂക്ഷിക്കുന്നവരും അവയെ അധികൃതര്‍ക്ക് കൈമാറി ശിക്ഷാ നടപടികള്‍ നിന്ന് ഒഴിവാകണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്‍തിട്ടുണ്ട്.
പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ (Ministry of Interior) മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ (People who have no relations) കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ (Entities outside Kuwait) പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും (Considered as illegal) അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും (Accountability) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതും തട്ടിപ്പുകള്‍, ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ തുടങ്ങിയവയ്‍ക്ക് അറുതി വരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.
യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളുടെയോ പേരിലോ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെയോ പേരില്‍ ബാങ്ക് വഴിയോ മറ്റ് ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗിച്ചോ പണം അയക്കുന്ന വ്യക്തികള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന സംശയത്തില്‍ അകപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ഇതോടെ ആ വ്യക്തിയില്‍ വന്നുചേരുമെന്നും അറിയിച്ചിട്ടുണ്ട്.
