റിയാദ്: ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്‍ത സംഘങ്ങളെ സൗദി അറേബ്യയില്‍ അധികൃതര്‍ പിടികൂടി. രണ്ട് ഇന്ത്യക്കാര്‍ അടങ്ങിയതാണ് പിടിയിലായ സംഘങ്ങളിലൊന്ന്. മൂന്ന് എത്യോപ്യക്കാര്‍ അടങ്ങിയ മറ്റൊരു സംഘവും അധികൃതരുടെ പിടിയിലായി.

അല്‍യര്‍മുക്, മന്‍ഫൂഹ ഡിസ്‍ട്രിക്റ്റുകള്‍ കേന്ദ്രീകരിച്ചാണ് മദ്യനിര്‍മാണവും വില്‍പനയും നടന്നത്. 39 ബാരല്‍ വാഷും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന മദ്യക്കുപ്പികളും മദ്യം നിര്‍മിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും അസംസ്‍കൃത വസ്‍തുക്കളും രണ്ടിടങ്ങളില്‍ നിന്നുമായി കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെയും മദ്യ നിര്‍മാണ കേന്ദ്രങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.