കുവൈത്ത് സിറ്റി: മിനി ബസില്‍ കടത്തുകയായിരുന്ന 364 കുപ്പി മദ്യം അഹ്‍മദി പൊലീസ് പിടികൂടി. പതിവ് പരിശോധനകള്‍ക്കിടെയാണ്  മെഹ്‍ബൂലയില്‍ പാര്‍ക്ക് ചെയ്‍തിരുന്ന ബസ് പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നിയതോടെ പരിശോധന നടത്തുകയായിരുന്നു.

പൊലീസ് വാഹനം അടുത്തേക്ക് വരുന്നത് കണ്ട് മിനി ബസിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. പ്രാദേശികമായി നിര്‍മിച്ച വന്‍ മദ്യശേഖരമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. കുപ്പികളില്‍ നിറച്ച് ഇവ വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി വാഹനത്തിലെ വിരലടയാളങ്ങള്‍ ശേഖരിച്ചു. ഓടിരക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.