മസ്കറ്റ്: ലോക്ക്ഡൗണില്‍ ജാഗ്രത കൈവിടാതെ ഒമാന്‍. തലസ്ഥാന നഗരിയായ മസ്‌കറ്റിലെ പ്രധാന വീഥികളെല്ലാം കഴിഞ്ഞ നാല് ദിവസമായി ശൂന്യമാണ്. പ്രധാന കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞത് രോഗത്തെ ചെറുക്കാനുള്ള സ്വദേശികളുടെയും പ്രവാസികളുടെയും ജാഗ്രതെയെയാണ് സൂചിപ്പിക്കുന്നത്.

വൈകുന്നേരം ഏഴു മണി മുതല്‍ ഒമാനില്‍ പൂര്‍ണ നിശബ്ദതയാണ് നിറഞ്ഞു നില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ വീണ്ടും രാജ്യത്ത്   നടപ്പാക്കിയതിനു ശേഷം കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സൈഫ് അല്‍ അബ്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ വീണ്ടും നിലവില്‍ വന്നത്. ജനങ്ങള്‍ ഒരാവശ്യത്തിനും പുറത്തേക്ക് ഇറങ്ങുന്നില്ല എന്ന സൂചനയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഒമാനിലെങ്ങും കണ്ടുവരുന്നത്.

ഇത്രയധികം വിജനമായി ഇതിനു മുമ്പ് മസ്‌കറ്റ് നഗരം മാറിയിട്ടില്ല. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും പുലര്‍ത്തുന്ന പ്രതിബദ്ധതയെ ഒമാന്‍ സുപ്രിം കമ്മറ്റി അഭിനന്ദിച്ചു.

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു