മസ്കറ്റ്: മത്രാ വിലായത്തിലെ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍  നടപ്പിലാക്കിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്നും  മന്ത്രി അഹമ്മദ് മൊഹമ്മദ് പറഞ്ഞു.

ഒമാനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമായിരുന്നു മത്രാ വിലായത്ത്. ഈ വിലായത്തിലെ രോഗവ്യാപനം 60% ആയിരുന്നു. ഇപ്പോള്‍ രോഗവ്യാപനം  35% മായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹമറിയ, മത്രാ സൂഖ്, വാദികബീര്‍ വ്യവസായ മേഖല ഒഴിച്ചുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക്  ജൂണ്‍ 14ഞായറാഴ്ച മുതല്‍  തുറന്നു പ്രവര്‍ത്തിക്കുവാന്‍  കഴിയും.  .

രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ റൂവി സൂക്കിലെ സ്ഥാപനങ്ങള്‍  വാരാന്ത്യങ്ങളില്‍ അടച്ചിടുകയും വേണം. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍  ജൂണ്‍ 13 മുതല്‍ ജൂലൈ മൂന്നു വരെ ദുഃഖമില്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. ദോഫാര്‍, ജബല്‍ അഖ്താര്‍  എന്നീ ഒമാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും  ശനിയാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പരിധിയില്‍ ഉള്‍പ്പെടും. ഈ കേന്ദ്രങ്ങളിലേക്ക്  ആര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് അല്‍ സൈദി കൂട്ടിച്ചേര്‍ത്തു.

സൗദിയിൽ പെട്രോൾ വില വര്‍ധിച്ചു; പുതിയ നിരക്ക് ഇന്ന് മുതൽ