ആരോഗ്യ മേഖലയിൽ 'മിഡ്‌വൈഫറി' പുതിയ ഔദ്യോഗിക തസ്തികയായി അംഗീകരിച്ച് കുവൈത്ത്. സുരക്ഷിതമായ പ്രസവ ശുശ്രൂഷകൾ ഉറപ്പാക്കാനും ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം നൽകാനും യോഗ്യതയുള്ള വിദഗ്ദ്ധർക്ക് കൂടുതൽ അവസരങ്ങൾ നൽകും.

കുവൈത്ത് സിറ്റി: മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായി കുവൈത്തിലെ ആരോഗ്യ മേഖലയിൽ 'മിഡ്‌വൈഫറി' ഒരു പുതിയ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. ആരോഗ്യ സേവനങ്ങളുടെ വികസനത്തിനും ആവശ്യകതയ്ക്കുമനുസരിച്ച് മറ്റ് അനുബന്ധ തസ്തികകൾ ഉൾപ്പെടുത്താൻ അനുമതി നൽകുന്ന 2020-ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 3 പ്രകാരമാണ് ഈ തീരുമാനം.

സുരക്ഷിതമായ പ്രസവ ശുശ്രൂഷകൾ ഉറപ്പാക്കാനും ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം നൽകാനും യോഗ്യതയുള്ള വിദഗ്ദ്ധർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ഇത് വഴിയൊരുക്കും. സബാഹ് മെഡിക്കൽ ഏരിയയിലെ പുതിയ മെറ്റേണിറ്റി ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം അൽ-അദാൻ, അൽ-ഫർവാനിയ, അൽ-ജഹ്റ എന്നീ ആശുപത്രികളിലെ മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ കൂടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.