കയ്റോ: ഈജിപ്‌തിലേക്കും കൂടി പ്രവർത്തനം വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച അന്തിമ കരാറിൽ ലുലു ഗ്രൂപ്പും ഈജിപ്‌ത് സർക്കാരും ഒപ്പ് വച്ചു. ഈജിപ്ത് സർക്കാരിന്റെ സഹകരണത്തോടെ നാല് പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്.

ഈജിപ്ത് പ്രധാന മന്ത്രി മുസ്തഫ മദ്ബൗലിയുടെ സാന്നിധ്യത്തിൽ ക്യാബിനറ്റ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പിന് വേണ്ടി ചെയർമാൻ എം എ യൂസഫലിയും കരാറിൽ ഒപ്പവച്ചു. വ്യാപാര വകുപ്പ് സഹമന്ത്രി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. കരാർ പ്രകാരം നാല് ഹൈപ്പർ മാർക്കറ്റുകൾ തലസ്ഥാനമായ കയ്‌റോയിലും സമീപ നഗരങ്ങളിലും ഈജിപ്‌ത് സർക്കാർ നിർമ്മിച്ചു ലുവിന് കൈമാറും.

ഇത് കൂടാതെ ആറ് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഈജിപ്തിലെ വിവിധ നഗരങ്ങളിൽ ലുലു ആരംഭിക്കും. 3,500 കോടി രുപയാണ് ഈജിപ്തിലെ പ്രവർത്തന വിപുലീകരണത്തിനായി ലുലു വകയിരുത്തുന്നത്. കൂടുതൽ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റ ഭാഗമായാണ് ഈജിപ്‌ത് സർക്കാർ ലുലു ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നത്.

പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സീസിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഈജിപ്‌ത് സർക്കാർ തുടക്കം കുറിച്ചത്. പദ്ധതികൾ പൂർത്തിയാകുന്നതോടുകൂടി മലയാളികളടക്കം 8,000 പരം ആളുകൾക്ക് പുതുതായി ജോലി നൽകാൻ സാധിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു.