അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളെ വിലയിരുത്തി ഫോര്‍ബ്സ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നാലാം സ്ഥാനത്തെത്തി. യുഎഇയിലെ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാം സ്ഥാനവും ലുലു ഗ്രൂപ്പിനാണ്.

യുഎഇയില്‍ മുന്‍നിരയിലുള്ള 100 കമ്പനികളെയാണ് ഫോര്‍ബ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍, സ്വകാര്യ കമ്പനികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഇത് തയ്യാറാക്കിയത്. ലിസ്റ്റഡ് കമ്പനികളില്‍  അബുദാബി ബാങ്കും സ്വകാര്യ കമ്പനികളില്‍ അല്‍ ഫുതൈം ഗ്രൂപ്പുമാണ് ഒന്നാം സ്ഥാനത്തെത്തിയത്. കമ്പനികളുടെ സാമ്പത്തിക നിലയ്ക്ക് പുറമെ പ്രവര്‍ത്തന മികവ്, ജീവനക്കാരുടെ എണ്ണം, വിപണിയില്‍ പുതിയ രീതികളുമായുള്ള പ്രവേശനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഫോര്‍ബ്സ് പട്ടിക തയ്യാറാക്കിയത്.