2,000 കോടി രൂപ നിക്ഷേപത്തില്‍ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചു. ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച്  അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് എം.എ.യൂസഫലിയുമാണ് ധാരണയില്‍ ഒപ്പ് വെച്ചത്.

ദുബൈ: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് (LuLu Group)ഗുജറാത്തില്‍Gujarat) മുതല്‍ മുടക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദില്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുവാനാണ് ലുലു ഗ്രൂപ്പ് തീരുമാനം. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ. യിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.

2,000 കോടി രൂപ നിക്ഷേപത്തില്‍ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചു. ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് എം.എ.യൂസഫലിയുമാണ് ധാരണയില്‍ ഒപ്പ് വെച്ചത്.

ഇത് പ്രകാരം അടുത്ത വര്‍ഷാരംഭത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായുള്ള 30 ഏക്കര്‍ സ്ഥലം ഗുജറാത്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 5,000 ആളുകള്‍ക്ക് നേരിട്ടും 10,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി യൂസഫലിക്ക് ഉറപ്പ് നല്‍കി. ഇതിനായുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു.

പദ്ധതിയുടെ തുടര്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്തു തന്നെ ഗുജറാത്ത് സന്ദര്‍ശിക്കും. ഷോപ്പിംഗ് മാള്‍ കൂടാതെ ബറോഡ, സൂറത്ത് എന്നിവിടങ്ങിളില്‍ ഭക്ഷ സംസ്‌കരണ - സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രിയെ യൂസഫലി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേരളം സന്ദര്‍ശിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വെച്ച് ഉറപ്പ് നല്‍കുകയും ചെയ്തു.

എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും ഒരു വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് യോഗത്തിനിടെ യൂസഫലി ഗുജറാത്ത് മുഖ്യന്ത്രിയോട് പറഞ്ഞു. തന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും വര്‍ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയത്. ഗുജറാത്തിന്റെ വാണിജ്യ രംഗത്ത് പുതിയ ഒരു അനുഭവമായിരിക്കും ലുലു മാള്‍ നല്‍കുകയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

"

അടുത്ത വര്‍ഷം ജനുവരിയില്‍ ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി യൂസഫലിയെ യോഗത്തില്‍ ക്ഷണിച്ചു. മലയാളിയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. കൈലാസനാഥന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രജീവ് കുമാര്‍ ഗുപ്ത, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, സി.ഒ.ഒ. വി.ഐ. സലീം ഗ്രൂപ്പ് ഡയറക്ടര്‍മാരായ എ.വി. ആനന്ദ് റാം, എം.എ. സലീം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.