ദുബായ് സര്‍ക്കാരിന്റെ ഈ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം പറഞ്ഞു.

ദുബായ്: ഈ വര്‍ഷത്തെ ദുബായ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി യുഎഇയിലെ മുന്‍നിര റീട്ടെയിലറായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ദുബായ് സാമ്പത്തിക വകുപ്പാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ എക്‌സലന്‍സ് അവാര്‍ഡ് നേടുന്ന ഏക ഹൈപ്പര്‍ മാര്‍ക്കറ്റാണ് ലുലു. ദുബായ് മാള്‍, റാക് ബാങ്ക് , അറേബിയന്‍ ഓട്ടോ മൊബൈല്‍സ് എന്നിവരാണ് വിവിധ വിഭാഗങ്ങളില്‍ ബഹുമതി കരസ്ഥമാക്കിയ മറ്റ് സ്ഥാപനങ്ങള്‍.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍ശനമായ നിരീക്ഷണത്തിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ ദുബായ് എക്കണോമി കണ്ടെത്തുന്നത്. ഉപഭോക്തൃ സേവനങ്ങള്‍, സ്ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിംഗ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങള്‍ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്.

ദുബായ് സര്‍ക്കാരിന്റെ ഈ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം നല്‍കുന്നതില്‍ ഉയര്‍ന്നതും സ്ഥിരതയുമുള്ള മികവ് നേടാന്‍ ഈ അംഗീകാരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകൃതൃത്വത്തിലാണു ദുബായ് എക്‌സലന്‍സ് അവാര്‍ഡ്. അവാര്‍ഡ് ജേതാക്കളെ ദുബായ് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി അഭിനന്ദിച്ചു.