ലുലു ഉപഭോക്താക്കള്‍ക്ക് ഇനി ഇനി എംപേ ആപ് വഴി പണം നല്‍കാം

ദുബൈ: ഉപഭോക്താക്കാള്‍ക്ക് സമ്പര്‍ക്ക രഹിത പണമിടപാടുകള്‍ സാധ്യമാക്കാന്‍ എംപേയുമായി കൈകോര്‍ത്ത് ലുലു ഗ്രൂപ്പ്. 
ലോകത്തിലെത്തന്നെ ആദ്യത്തെ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യത്തോടെയുള്ള, സമ്പര്‍ക്ക രഹിത ലൈഫ്‍സ്റ്റൈല്‍ പേയ്‍മെന്റ് സംവിധാനമായ എംപേയുമായി കരാറൊപ്പിടുന്ന ആദ്യത്തെ പ്രമുഖ ചില്ലറ വിപണന സ്ഥാപനമായി മാറിയിരിക്കുകയാണ് ഇതോടെ ലുലു ഗ്രൂപ്പ്. യുഎഇയുടെ സ്‍മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത, സുരക്ഷിത പണമിടപാടുകള്‍ സാധ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് എംപേ.

ദുബൈ ഇക്കണോമിക് ഡവലപ്‍മെന്റ് ആസ്ഥാനത്ത് വെച്ചായിരുന്നു എംപേ ചെയര്‍മാന്‍ അലി ഇബ്രാഹിമും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലിമും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പവെച്ചത്. ദുബൈ ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജെയിംസ് കെ വര്‍ഗീസ്, എംപേ സിഇഒ മുന അല്‍ ഖസബ്, എംപേ ഡെപ്യൂട്ടി സിഇഒയും സിപിഒയുമായ ജിജി ജോര്‍ജ് കോശി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.

ഇനി ലോകമെമ്പാടുമുള്ള 250ല്‍ അധികം ലുലു സ്റ്റോറുകളില്‍ ഷോപ്പിങ് നടത്തുമ്പോള്‍ ഉപഭോകതാക്കള്‍ക്ക് എംപേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സുരക്ഷിമായി 'ടാപ് ആന്റ് ഗോ' രീതിയില്‍ പണമിടപാട് നടത്താനാവും. സമ്പര്‍ക്ക രഹിത പണമിടപാടുകള്‍ക്ക് പുറമെ ഗവണ്‍മെന്റ് ഫീസുകള്‍,ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍, എജ്യുക്കേഷന്‍ പേയ്‍മെന്റുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങിയ നിരവധി ഇടപാടുകള്‍ ആപ് വഴി തന്നെ നടത്താനും കഴിയും. കൂടാതെ പെട്ടെന്നുണ്ടാകുന്ന വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യവും എംപേയിലുണ്ട്. ബാങ്കുകള്‍ സന്ദര്‍ശിക്കാതെയും നീണ്ട എഴുത്തുകുത്തുകളും നടപടിക്രമങ്ങളും ഒഴിവാക്കിയും എംപേ വായ്‍പ ലഭ്യമാക്കും.

ലുലു ഗ്രൂപ്പുമായുള്ള എംപേയുടെ സഹകരണം അത്യാധുനിക ഷോപ്പിങ് അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. വരും ദിവസങ്ങളില്‍ ലുലു ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകളും എംപേ ഒരുക്കുന്നുണ്ട്. യുഎഇയിലെ താമസക്കാര്‍ക്ക് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഈ ആപ് ഡൌണ്‍ലോഡ് ചെയ്യാം. രണ്ട് മിനിറ്റുകള്‍ കൊണ്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാസ്റ്റര്‍ കാര്‍ഡിന്റെ ഡിജിറ്റര്‍ കാര്‍ഡും ആപില്‍ തന്നെ ലഭ്യമാവും.

മേഖലയിലെ ഏറ്റവും വലിയ ചില്ലറ വിപണന ശൃംഖലയായ ലുലു ഗ്രൂപ്പുമായി കൈകോര്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ദുബായ് ഇക്കണോമി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും എംപേ ചെയര്‍മാനുമായ അലി ഇബ്രാഹിം പറഞ്ഞു. വിവിധ തലങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ കറന്‍സി രഹിത, സുരക്ഷിത പണമിടപാട് സംവിധാനം വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇതിലൂടെ സാധിക്കുമെന്നും എംപേയിലൂടെ ലുലു വിരല്‍ത്തുമ്പിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

എംപേയുമായുള്ള സഹകരണത്തിലൂടെ കറന്‍സി രഹിത, സമ്പര്‍ക്ക പണമിടപാടിനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം.എ പറഞ്ഞു. കടകളിലും ഓണ്‍ലൈനിലുമൊക്കെ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ നവീന ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ ലുലു ഗ്രൂപ്പ് എപ്പോഴും ബദ്ധശ്രദ്ധരാണ്. ദുബായ് ഇക്കണോണിക് ഡെവലപ്‍മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത എംപേയുമായി സഹകരിക്കുന്ന ആദ്യത്തെ പ്രമുഖ ചില്ലറ വ്യാപാര ശൃഖംല ആവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ ഏറ്റവും മികച്ച റീട്ടെയില്‍ ഗ്രൂപ്പായ ലുലുവുമായി കരാര്‍ ഒപ്പുവെയ്ക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നതായി എംപേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുന അല്‍ ഖസബ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഒരു ടച്ചിലൂടെ പണമിടപാട് സാധ്യമാക്കാന്‍ കഴിയും. ലുലുവിലെ ഷോപ്പിങ് ഇനി കൂടുതല്‍ ലളിതവും സ്‍മാര്‍ട്ടും സുരക്ഷിതവും വേഗതയേറിയതുമാവുമെന്നും അദ്ദേഹം പറഞ്ഞു.