പ്രത്യക്ഷമായ ഒരു കാരണവും കൂടാതെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ് അറിയിച്ചത്. പിറകുവശത്ത് എഞ്ചിന്‍ ഘടിപ്പിച്ച കാറിന്റെ എഞ്ചിന് സമീപത്ത് നിന്നാണ് ആദ്യം തീപടര്‍ന്നത്.

റാസല്‍ഖൈമ: കോടികള്‍ വിലയുള്ള ആഡംബര കാര്‍ നടുറോഡില്‍ കത്തിയമര്‍ന്നു. അല്‍ ബീഹ് വാലിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പ്രത്യക്ഷമായ ഒരു കാരണവും കൂടാതെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ് അറിയിച്ചത്. പിറകുവശത്ത് എഞ്ചിന്‍ ഘടിപ്പിച്ച കാറിന്റെ എഞ്ചിന് സമീപത്ത് നിന്നാണ് ആദ്യം തീപടര്‍ന്നത്. നിമിഷനേരം കൊണ്ട് കാറിനെ തീ വിഴുങ്ങി. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേനയും വൈദ്യ സംഘവും ആംബുലന്‍സും സ്ഥലത്തെത്തിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ആര്‍ക്കും പരിക്കേല്‍ക്കാതെയും തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെയും നിയന്ത്രിക്കാനായി. വീണ്ടും തീപിടിക്കുന്നതും എഞ്ചിന്‍ പൊട്ടിത്തെറിക്കുന്നതും തടയാനായി വാഹനം തണുപ്പിക്കുയാണ് അധികൃതര്‍ ചെയ്തത്. അടുത്തകാലത്തായി നിരവധി കാറുകള്‍ കത്തിനശിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വാഹന ഉടമകള്‍ യഥാസമയം വാഹനങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.