സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞ എം.എ യൂസഫലി, ഇത് തന്റെ ജീവിതത്തിലെ അഭിമാനം നിറഞ്ഞൊരു മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. തനിക്ക് മാത്രമല്ല മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുമുള്ള അംഗീകാരമാണിതെന്ന് എം.എ യൂസഫലി പ്രതികരിച്ചു. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന അവകാശങ്ങളില്‍ ഭൂരിഭാഗവും വിദേശികള്‍ക്ക് കൂടി ലഭിക്കുന്ന പ്രീമിയം ഇഖാമ നടപ്പാക്കാന്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സൗദി മന്ത്രിസഭ തീരുമാനിച്ചത്.

സൗദി പൗരന്‍ സ്‍പോണ്‍സറായി ആവശ്യമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് വ്യവസായങ്ങള്‍ നടത്താനും തൊഴില്‍ ചെയ്യാനും അനുവദിക്കുന്ന പ്രത്യേക താമസ രേഖയാണ് പ്രീമിയം ഇഖാമ. സൗദി പ്രീമിയം റെഡിസന്‍സി സെന്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് എം.എ യൂസഫലിക്ക് പ്രീമിയം റെസിഡന്‍സി അനുവദിച്ച വാര്‍ത്ത പുറത്തുവിട്ടത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞ എം.എ യൂസഫലി, ഇത് തന്റെ ജീവിതത്തിലെ അഭിമാനം നിറഞ്ഞൊരു മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു. 

"തനിക്ക് മാത്രമല്ല എല്ലാ പ്രവാസികള്‍ക്കുമുള്ള അംഗീകാരമാണിത്. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും മേഖലയിലെ പ്രധാന ബിസിനസ് ഹബ്ബായി സൗദി അറേബ്യയെ കൂടുതല്‍ നേട്ടങ്ങളിലെത്തിക്കാനും സ്ഥിര താമസാനുമതി നല്‍കുന്ന പദ്ധതിയിലൂടെ സാധിക്കുമെന്നും യൂസഫലി പ്രതികരിച്ചു."

35ലധികം സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമാണ് ലുലുവിന് സൗദിയിലുള്ളത്. അരാംകോ ജീവനക്കാര്‍ക്കുള്ള സ്റ്റോറുകളും നാഷണല്‍ ഗാര്‍ഡ്സിന്റെ സ്റ്റോറുകളും ഉള്‍പ്പെടെയാണിത്. മൂവായിരത്തിലധികം സൗദി പൗരന്മാരും ലുലു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിനുള്ളില്‍ 30 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ലുലു ഗ്രൂപ്പ് സൗദിയില്‍ ആരംഭിക്കും.

സൗദിയിലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് വിദേശികള്‍ക്കുള്ള പെര്‍മെനന്റ് റെസിഡന്‍സി. മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും ഒഴികെ സൗദി അറേബ്യയുടെ ഏതു ഭാഗത്തും വ്യാവസായിക, സ്വകാര്യ ആവശ്യങ്ങൾക്ക് സ്വന്തം പേരിൽ വസ്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാനും മക്കയിലും മദീനയിലും 99 വർഷ കാലാവധിയുടെ പാട്ട വ്യവസ്ഥയിൽ കെട്ടിടങ്ങളോ വസ്തുക്കളൊ എടുക്കാനും പ്രീമിയം ഇഖാണ ഉള്ളവര്‍ക്ക് സാധിക്കും. വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികൾക്ക് മാത്രമായുള്ള പ്രത്യേക പാസ്പോർട്ട് ഡെസ്കും ഇവര്‍ക്കുപയോഗിക്കാം. യുഎഇ ഭരണകൂടം പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയും ആദ്യമായി അനുവദിച്ചത് യൂസഫലിക്കായിരുന്നു.

Scroll to load tweet…