ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്സിന്റെ പിങ്ക് കാരവാന്‍ 60 വനിതാ താമസക്കാരെ പരിശോധിച്ചു.
ദുബൈ: രണ്ടു വര്‍ഷം കൊണ്ട് 29 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയും നല്‍കുന്ന വന്‍തുകയുടെ സമ്മാനങ്ങള്‍ കൊണ്ട് മാത്രമല്ല സാമൂഹിക ദൗത്യങ്ങളിലൂടെയും ശ്രദ്ധനേടുകയാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, അംഗീകൃത സന്നദ്ധ സംഘടനകളുടെ ശൃംഖലകളുമായി സഹകരിക്കുന്ന മഹ്‍സൂസ്, അതിന്റെ ഭാഗമായി സ്തനാര്‍ബുദത്തെക്കുറിച്ച് പിങ്ക് കാരവനിലൂടെ ബോധവത്കരണം നല്‍കാന്‍ 'ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ്സുമായി (FoCP) വീണ്ടും സഹകരിക്കുകയാണ്.
ബോധവത്കരണത്തിന്റെ ഭാഗമായി മഹ്‌സൂസ് സ്‌പോണ്‍സര്‍ ചെയ്യുന്ന പിങ്ക് കാരവന്റെ മൊബൈല്‍ ക്ലിനിക്, 2022 ഒക്ടോബര്‍ 22ന് ബെര്‍ക്ക്‌ലീ സര്‍വീസിന്റെ വനിതാ സ്റ്റാഫുകളുടെ താമസസ്ഥലത്തെത്തിയിരുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാനും പ്രതിരോധിക്കാനുമായി ക്ലിനിക്കല്‍ പരിശോധനകള്‍ ഇവിടെ നടത്തി. ഇതിന് പുറമെ പിങ്ക് കാരവനിലെ മെഡിക്കല്‍ സംഘം സംഘടിപ്പിച്ച ബോധവത്കരണ സെഷനിലൂടെ, സ്ത്രീകള്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിന് അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.
സ്തനാര്‍ബുദത്തിന്റെ അപകട സാധ്യതകളെ കുറിച്ച് ബോധവത്കരിക്കാനും സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിനായി സ്വയം പരിശോധന നടത്താന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതിനും, ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്സിന്റെ പിങ്ക് കാരവാനുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു. 'ഇതാദ്യമായല്ല ഒക്ടോബറില്‍ ഇത്തരമൊരു സംരംഭത്തില്‍ ഞങ്ങള്‍ പങ്കാളികളാകുന്നത്, വരും വര്‍ഷങ്ങളിലും FoCPയുമായുള്ള സഹകരണം തുടരാണ് ലക്ഷ്യമിടുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞങ്ങളുടെ വനിതാ ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. പിങ്ക് കാരവന്റെ മൊബൈല്‍ ക്ലിനിക് വഴി ഏകദേശം 60 വനിതാ ജീവനക്കാര്‍ക്ക് സൗജന്യ ക്ലിനിക്കല്‍ പരിശോധനകള്‍ സാധ്യമാക്കി കൊണ്ട് ഇത്തരമൊരു ആഗോള പ്രധാന്യമുള്ള വിഷയത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച മഹ്‌സൂസിന്റെ പ്രതിജ്ഞാബദ്ധതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു'- ബെര്‍ക്ക്‌ലീ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ റാല്‍ഫ് സെറെന്നര്‍ പറഞ്ഞു.
പിങ്ക് കാരവന്റെ ഉദ്യമങ്ങള്‍ക്ക് നിരന്തര പിന്തുണ നല്‍കുന്ന മഹ്‌സൂസ് പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് FoCPയുടെ അഭിനന്ദനം അറിയിക്കുന്നതായി പിങ്ക് കാരവാനിലെ മാമോഗ്രഫി ടെക്‌നോളജിസ്റ്റും റേഡിയേഷന്‍ സേഫ്റ്റി ഓഫീസറുമായ ഹന മുഹമ്മദ് പറഞ്ഞു. 'പ്രാരംഭഘട്ടത്തില്‍ സ്തനാര്‍ബുദം തിരിച്ചറിയാനായാല്‍ ഫലപ്രദമായ ചികിത്സയ്ക്കും രോഗമുക്തിക്കുമുള്ള സാധ്യതകള്‍ കൂടുതലാണ്. കാന്‍സറിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണകളെ കുറിച്ചും യുഎഇ സമൂഹത്തെ ബോധവത്കരിക്കുക മാത്രമല്ല ഞങ്ങളുടെ ഒക്ടോബര്‍ റോഡ് ഷോയിലൂടെ ലക്ഷ്യമിട്ടത്. ഇത് കൂടാതെ, പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനുള്ള മെഡിക്കല്‍ പരിശോധനകളും ടെസ്റ്റുകളും നടത്തി അതിലൂടെ രോഗികളുടെ ഫലപ്രദമായ ചികിത്സക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും ലക്ഷ്യം വെയ്ക്കുന്നു'- അവര്‍ പറഞ്ഞു.
