ദുബായ്: തൊഴിലുടമയുടെ മകനെ  ചൂഷണം ചെയ്ത വീട്ടുജോലിക്കാരിയുടെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു.  ഫിലിപ്പീന്‍ സ്വദേശിയായ 35-കാരിയായ വീട്ടുജോലിക്കാരിയാണ് ജോലിക്കു നിന്ന വീട്ടിലെ ഏഴു വയസ്സുള്ള കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ മോശമായ വിഡിയോയും ഷൂട്ട് ചെയ്തെന്നെന്നാണ് പ്രോസീക്യൂഷന്‍ ആരോപിക്കുന്നത്. 

സംഭവം സംബന്ധിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതി ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ, ഓഗസ്റ്റ് 28ന് അല്‍ വര്‍ഖയിലെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. രാവിലെ താന്‍ മകന്‍റെ കരച്ചില്‍ കേട്ട് എത്തുമ്പോള്‍ വീട്ടുജോലിക്കാരി ചൂലുകൊണ്ട് മകനെ തല്ലുകയായിരുന്നുവെന്നും പിതാവ് പരാതിയില്‍ പറയുന്നു. വീട്ടുജോലിക്കാരിയുടെ ഫോണില്‍ തന്‍റെ മകന്റെ നഗ്നദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടെന്നും, കുട്ടിയോട് ഐ ലവ് യൂ എന്ന് പറയുകയും ചെയ്തു എനന് ആരോപിക്കുന്നു.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ വീട്ടുജോലിക്കാരി അറസ്റ്റിലായി. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വീട്ടുജോലിക്കാരിക്കെതിരെ കുട്ടിയെ ചൂഷണം ചെയ്ത് വിഡിയോ ചിത്രീകരിച്ചുവെന്നും അശ്ലീലമായ രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്. 

കൂടാതെ, കുട്ടിയെ ശാരീരികമായി മര്‍ദിച്ചുവെന്നും കേസുണ്ട്. കുറ്റപത്രത്തില്‍ പ്രോസിക്യൂട്ടേഴ്സ് വിഡിയോയെ 'അശ്ലീല ദൃശ്യങ്ങള്‍' എന്നാണ് പറയുന്നത്. വീട്ടുജോലിക്കാരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ കോടതിയില്‍ ഹാജറാക്കിയ വീട്ടുജോലിക്കാരി കുറ്റം നിഷേധിച്ചു. നവംബര്‍ അ‌ഞ്ചിന് വിചാരണ വീണ്ടും തുടരും.