ദുബായ്: കുട്ടിയെ പരിചരിക്കുന്നതിനിടെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ദുബായില്‍ 33കാരിയായ വീട്ടുജോലിക്കാരിക്ക് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തെ തടവ് ശിക്ഷയ്ക്കും അതിന് ശേഷം നാടുകടത്താനുമാണ് വിധി. കുട്ടിയുടെ രക്ഷിതാക്കളാണ് പീഡനം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചത്.

കുട്ടിയുടെ ഡയപ്പര്‍ മാറ്റാന്‍ അമ്മ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. കുറച്ച് കഴിഞ്ഞ് കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നെന്ന് പരാതി പറഞ്ഞു. പരിശോധിച്ചപ്പോള്‍ ചുവന്ന അടയാളങ്ങള്‍ കണ്ടെങ്കിലും ഡയപ്പര്‍ ഉപയോഗിച്ചത് കൊണ്ടുണ്ടായതാവാമെന്ന ധാരണയില്‍ മരുന്നുകള്‍ പുരട്ടിക്കൊടുത്തു. എന്നാല്‍ വീട്ടിലെ ജോലിക്കാരി തന്റെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചുവെന്നും തനിക്ക് നന്നായി വേദനിച്ചുവെന്നും  കുട്ടി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അമ്മൂമ്മയോട് പറയുകയായിരുന്നു. ഇത് കേട്ട അമ്മ, പലതവണ കുട്ടിയോട് വിശദമായി കാര്യം തിരക്കി. അപ്പോഴും കുട്ടി ഇക്കാര്യം തന്നെ വിശദീകരിച്ചു.

തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചു. കുട്ടി പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അച്ഛന്‍ പൊലീസിനെ അറിയിച്ചതോടെ പൊലീസെത്തി ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. നേരത്തെ പ്രാഥമിക കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചുവെങ്കിലും രക്ഷിതാക്കള്‍ അപ്പീല്‍ നല്‍കിയതോടെ കേസ് ഉയര്‍ന്ന കോടതിയിലെത്തി. അവിടെ ശിക്ഷ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുകയായിരുന്നു.