വിലകൂടിയ ബാഗുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ പണവും ഇവര്‍ സ്ഥിരമായി മോഷ്ടിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 

ഷാര്‍ജ: സ്പോണസറുടെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് അയച്ച വീട്ടുജോലിക്കാരിയെ ഷാര്‍ജ പൊലീസ് പിടികൂടി. രണ്ട് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന 27 വയസുള്ള ഏഷ്യക്കാരിയാണ് തൊഴിലുടമയുടെ വീട്ടില്‍ നിന്ന് സ്ഥിരമായ സാധനങ്ങള്‍ മോഷിടിച്ചിരുന്നത്.

വിലകൂടിയ ബാഗുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ പണവും ഇവര്‍ സ്ഥിരമായി മോഷ്ടിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. തുടര്‍ന്ന് ഇവ നാട്ടിലേക്ക് അയക്കും. വീട്ടില്‍ നിന്ന് നഷ്ടമായ സാധനങ്ങളില്‍ ചിലത് ജോലിക്കാരിയുടെ മുറിയില്‍ കണ്ടതോടെയാണ് സ്വദേശിയായ വീട്ടുടമ പൊലീസില്‍ പരാതി നല്‍കിയത്.

ജോലിക്കാരി മോഷണം നടത്തുന്നുവെന്ന് സംശയം തോന്നിയതോടെ ഇവരുടെ മുറിയില്‍ പരിശോധന നടത്തി. താന്‍ ഭാര്യയ്ക്ക് വാങ്ങി നല്‍കിയ വില കൂടിയ ബാഗ്, ഭാര്യക്കും മകള്‍ക്കുമായി വാങ്ങിയ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് പുറമെ 5000 ദിര്‍ഹവും ഇവിടെ നിന്ന് കണ്ടെടുത്തു. നിരവധി സാധനങ്ങള്‍ ഇവര്‍ നാട്ടിലേക്ക് കടത്തിയതിന്റെ കാര്‍ഗോ ബില്ലുകളും മുറിയില്‍ നിന്ന് ലഭിച്ചുവെന്ന് വീട്ടുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയതായി ജോലിക്കാരി സമ്മതിച്ചു. തുടര്‍ന്നാണ് കേസ് പ്രോസിക്യൂഷന് കൈമാറിയത്.