വില്ലയില്‍ നിന്നും ഫിലിപ്പീന്‍ യുവതി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോഴാണ് ഇദ്ദേഹം യുവതിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

ദുബായ്: സ്പോണ്‍സറുടെ വീട്ടില്‍ അവിഹിത ബന്ധം പുലര്‍ത്തിയ ഫിലിപ്പെന്‍‌ യുവതിയും ഇന്ത്യക്കാരന്‍ ഡ്രൈവറും കുടുങ്ങി.32 വയസ്സുള്ള ഫിലിപ്പിന്‍ യുവതിയും സ്‌പോണ്‍സറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികള്‍. ഈ വര്‍ഷം ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌പോണ്‍സറുടെ അനുവാദം ഇല്ലാതെ ഇന്ത്യക്കാരനായ ഡ്രൈവറെ വില്ലയില്‍ പ്രവേശിപ്പിക്കുകയും അവിഹിതമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് കേസ്.

ഫിലിപ്പിന്‍ യുവതി കഴിഞ്ഞ ആറ് വര്‍ഷമായി 74 വയസ്സുള്ള മുന്‍സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹം തന്നെയാണ് യുവതിയുടെ സ്‌പോണ്‍സറും. വില്ലയില്‍ നിന്നും ഫിലിപ്പീന്‍ യുവതി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോഴാണ് ഇദ്ദേഹം യുവതിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 
തുടര്‍ന്ന് യുവതിയുടെ ഫെയ്‌സ്ബുക്ക്പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. അപരിചിതനായ വ്യക്തിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍ തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിന്‍ ഹാളിലും ഉള്ളതായിരുന്നുവെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണുന്ന മോതിരം താന്‍ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്‌പോണ്‍സര്‍ ജൂലൈ രണ്ടിന് അല്‍ ഖാസിസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ നീക്കങ്ങള്‍ മനസിലായപ്പോള്‍ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും ഇതില്‍ കാര്യങ്ങളെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവര്‍ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. 

ഇതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റാസല്‍ഖൈമയാണ് സ്‌പോണ്‍സറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം സ്‌പോണ്‍സര്‍ അങ്ങോട്ടു പോവും. ഈ സമയത്താണ് യുവതി മറ്റുപുരുഷന്‍മാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നത്. സംഭവത്തില്‍ കേസില്‍ ഉള്‍പ്പെട്ട ഫിലിപ്പിന്‍ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബര്‍ 19ന് പരിഗണിക്കും.