പുതിയ ആഗോള ആസ്ഥാനം ദുബായ് ദെയ്രയിലുള്ള ഗോള്‍ഡ് സൂഖില്‍. മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് യു.എ.ഇ. സാമ്പത്തിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പുതിയ ആഗോള ആസ്ഥാനമായി ദുബായ് ദെയ്രയിലുള്ള ഗോള്‍ഡ് സൂഖില്‍, മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് (M-IH)ഉദ്ഘാടനം ചെയ്തു. യു.എ.ഇ. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരിയാണ് ഉദ്ഘാടകൻ.

ജി.സി.സി.ക്കൊപ്പം യു.എസ്.എ, സിംഗപ്പൂര്‍, മലേഷ്യ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും, ആവശ്യമായ പിന്തുണ നല്‍കാനുമുള്ള ഒരു ഗ്‌ളോബല്‍ സെന്‍ട്രലൈസ്‍ഡ് സപ്ലൈ ചെയിന്‍ സംവിധാനമാണ് പുതിയ ആഗോള ആസ്ഥാനം എന്ന് മലബാര്‍ ഗോൾഡ് അറിയിച്ചു.

ഇതോടൊപ്പം സമീപ ഭാവിയില്‍ മലബാര്‍ ഗോൾഡ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന യുകെ, ഓസ്ട്രേലിയ, കാനഡ, തുര്‍ക്കി, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികള്‍ ഏകോപിപ്പിക്കാനും ഹബ്ബ് ഉപയോഗിക്കും.

ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA (പൊതു സാമ്പത്തിക പങ്കാളിത്ത ഉടമ്പടി) ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ആഗോള ആസ്ഥാനം യുഎഇയില്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

ദുബായില്‍ മലബാര്‍-ഇന്റര്‍നാഷനല്‍ ഹബ്ബ് സ്ഥാപിതമായതോടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. 

"പുതിയ വിപണികള്‍ കീഴടക്കുന്നതിനും നിലവിലുള്ള വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള വിഷന്‍ 2030 ലക്ഷ്യത്തിന്റെ ചവിട്ടുപടിയായാണ് പുതിയ സൗകര്യം." - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.