മസ്‍കത്ത്: ഒമാനിലെ ആദ്യ മലയാളി കൂട്ടായ്മ അൻപതിന്റെ നിറവിൽ. മലയാളി ക്രിസ്ത്യൻ കോൺഗ്രിയേഷന്റെ സുവർണ്ണ  ജൂബിലി ആഘോഷമാണ് മസ്കത്തിൽ നടന്നത്. 1970കളുടെ ആദ്യ കാലത്ത് പ്രവാസികളായി ഒമാനിലെത്തിയ തിരുവല്ല ഓതറ സ്വദേശി ഫിലിപ്പ് തയ്യിൽ, കുമ്പനാട് സ്വദേശി ജോർജ് മഠത്തിൽ, തൃശൂർ സ്വദേശി ബെന്നി വർഗീസ്, കോയമ്പത്തൂർ സ്വദേശി ഡോ. തോമസ് എന്നീ നാല് മലയാളികളുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു ഒരു കൂട്ടായ്മാക്കു രൂപ നൽകുകയെന്നത്.

അങ്ങനെ 1970 ജൂലൈ മൂന്ന് വെള്ളിയാഴ്ച ഈ നാല് പേര്‍ ‍ആദ്യമായി മസ്‌കറ്റിലെ അമേരിക്കൻ മിഷൻ ചാപ്പൽ ഹാളിൽ ഒരുമിച്ചു കൂടി, ഒരു  കൂട്ടായ്മക്ക് രൂപം നൽകി. മലയാളി ക്രിസ്ത്യൻ കോൺഗ്രിയേഷൻ എന്ന് അന്നുമുതൽ അറിയപ്പെട്ടു വരുന്ന ഈ കൂട്ടായ്മ ഇന്ന് 50 വര്‍ഷം പൂർത്തിയാക്കുന്നതിന്റെ   അഭിമാനത്തിലും ആഹ്ലാദത്തിലുമാണ് അംഗങ്ങൾ. ഒമാനിൽ 50 വർഷത്തെ പ്രവർത്തന  ചരിത്രം രചിച്ച മലയാളി ക്രിസ്ത്യൻ കോൺഗ്രിയേയേഷൻ ഇന്ന്  രാജ്യത്തെ മലയാള ഭാഷയിലുള്ള ക്രിസ്ത്യൻ ആരാധനാ സമൂഹങ്ങളുടെ  മാതൃ സ്ഥാനമലങ്കരിക്കുന്നു. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളില്‍ നിന്നുള്ളവര്‍ ഈ വ്യത്യാസമന്യേ സജീവമായി പ്രവർത്തിച്ചുവരുന്നു.

സുവർണ ജൂബിലിആഘോഷങ്ങളുടെ ഭാഗമായി റൂവി അൽ നൂർ പ്രൊട്ടസ്റ്റന്റ് ചർച്ച് ഹാളിൽ നടന്ന സമ്മേളനത്തിൽ കൂട്ടായ്മയുടെ ആദ്യകാല പ്രവർത്തകരും ഒമാനിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളും പങ്കെടുത്തു. മലയാളി ക്രിസ്ത്യൻ കോൺഗ്രിയേയേഷൻ പ്രസിഡന്റ് ജോർജ് കെ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുൻ പ്രസിഡന്റ് കെ.ജി. സാമുവേൽ ഉദ്ഘാടനം ചെയ്തു. മാർത്തോമാ  ഇടവക വികാരി റെവ. കെ. മാത്യു, സെന്റ്. ജെയിംസ് സി.എസ്.ഐ  ഇടവക വികാരി റെവ. അനിൽ തോമസ്, കാൽവരി ഫെല്ലോഷിപ്പ് പാസ്റ്റർ ഡോ. സാബു പോൾ, ഒ.പി.ഐ. പാസ്റ്റർ ഷോജി കോശി, കോശി .പി. തോമസ്, ചെറിയാൻ ചെക്കൂട്ട് എന്നിവർ  മലയാളി ക്രിസ്ത്യൻ കോൺഗ്രിയേയേഷനd  അനുമോദനകളും ആശംസകളും നേർന്ന് സംസാരിച്ചു. സുവർണ ജൂബിലി  സമ്മേളനത്തിൽ  പാസ്റ്റർ കെ.എ. ജോൺ  മുഖ്യ പ്രഭാഷണം നടത്തി.

50 വർഷത്തെ  ചരിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ സുവനീര്‍, പ്രസിഡണ്ട്  ജോർജ് സാമുവേൽ പാസ്റ്റർ ചന്ദ്ര ബോസിന് നൽകികൊണ്ട്  പ്രകാശനം ചെയ്തു. എംസിസി സെക്രട്ടറി  തോമസ് എം ജോസ്, വൈസ്സ് പ്രസിഡന്റെ പി.എം സാമുവേൽ, കെ.എസ്. മാത്യു എന്നിവര്‍ സംസാരിച്ചു.