റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സഹായം തേടുന്നു. ഫൈനല്‍ എക്‌സിറ്റടിച്ച് രണ്ട് മാസമായി ജോലിയും ശമ്പളവുമില്ലാത്തവരും കൂട്ടത്തിലുണ്ട്. വന്ദേ ഭാരത് സര്‍വീസ് നടത്തുന്ന ജിദ്ദ വിമാനതാവളത്തിലെത്താന്‍ ഇവര്‍ക്ക് 1200 കിലോമീറ്റര്‍ സഞ്ചരിക്കണം.

സൗദി ജോര്‍ദ്ദാന്‍ അതിര്‍ത്തിയായ തബൂക്കിലെ കിംഗ് ഖാലിദ് ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. പതിനേഴു പേരില്‍ കുറച്ചുപേര്‍ കഴിഞ്ഞ ദിവസം റോഡുവഴി ജിദ്ദയിലേക്ക് തിരിച്ചു. എന്നാല്‍ ഏഴുമാസം ഗര്‍ഭിണികളായ 6 നഴ്‌സുമാര്‍ മോശം ആരോഗ്യാവസ്ഥകാരണം മരുഭൂമിയിലൂടെയുള്ള യാത്ര ഒഴിവാക്കി. തബൂക്കില്‍ നിന്ന് ജിദ്ദയിലെത്താന്‍ ആഭ്യന്തര വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

റോഡ് മാര്‍ഗ്ഗം പതിനൊന്ന് മണിക്കൂര്‍ യാത്രചെയ്താല്‍ മാത്രമേ ജിദ്ദയിലെത്താന്‍ കഴിയൂ. ആഭ്യന്തര സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും ആശുപത്രി മാനേജ്‌മെന്റിനോട് പറയാന്‍ നിര്‍ദ്ദേശിച്ചു. ജിദ്ദയിലെത്തിയാല്‍ നാട്ടിലേക്ക് പോകാനുള്ള സൗകര്യമുണ്ടാക്കാമെന്നായിരുന്നു മറുപടി. ലോക്ഡൗണ്‍ വന്നതോടെ കഴിഞ്ഞ രണ്ടുമാസമായി ജോലിയും ശമ്പളവുമില്ലാതെ കഴിയുന്നവരാണ് പലരും. മരുഭൂമിയില്‍ സഹായം തേടിക്കഴിയുന്ന നഴ്‌സുമാരുടെ സംഘത്തെ നാട്ടിലെത്തിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.