മസ്ക്കറ്റ്: ഒമാൻ ഇന്ത്യ ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്ക്കാരം കോഴിക്കോട് സ്വദേശി പ്രകാശ് പുറക്കാട് സ്വന്തമാക്കി. ജെറി ജേക്കബാണ് മികച്ച സംവിധായകൻ. അഭിമന്യു അനീഷ് ചന്ദ്രൻ മികച്ച ബാലതാരമായും സുധിൻ വാസു മികച്ച ഛായഗ്രഹകനുള്ള പുരസ്കാരവും സ്വന്തമാക്കി. തിരക്കഥയ്ക്കുള്ള പുരസ്കാരം മലയാളിയായ ലിതിൻ രാജിനാണ്.

മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലായിരുന്നു ഹ്രസ്വചിത്ര മേള സംഘടിപ്പിച്ചത്. "നിഗമനങ്ങൾ " എന്ന ഹ്രസ്വ ചിത്രത്തിൽ മൂക കഥാപാത്രത്തെ അവതരിപ്പിച്ചതാണ് പ്രകാശ് പുറക്കാടിനെ മികച്ച നടനാക്കിയത്. "എ മാരത്തോൺ ഫോർ എ മീൽ" എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യു അനീഷ് ചന്ദ്രൻ ആണ് മികച്ച ബാലതാരമായി തെരെഞ്ഞടുക്കപെട്ടത്.

അറബിക് , ഇംഗ്ലീഷ് , ബംഗാളി , മലയാളം തമിഴ് എന്നി ഭാഷകളിൽ നിന്നുമായി 32 ചിത്രങ്ങൾ ആണ് ഒമാൻ - ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തിനുണ്ടായിരുന്നത്.

ഒമാനി സിനിമ സംവിധായകൻ സമ്മ അൽ ഇസ്സ അധ്യക്ഷനായുള്ള അഞ്ചംഗ ജൂറി സമിതിയിൽ മലയാള സിനിമ സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും വിധികർത്താക്കൾ ആയിരുന്നു. മസ്‌ക്കറ്റ് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ ഹ്രസ്വ ചലച്ചിത്ര മേള ഒമാൻ ഫിലിം സൊസൈറ്റിയും മസ്ക്കറ്റ് കലാമണ്ഡലവും സംയുക്തമായി ചേർന്നാണ് സംഘടിപ്പിച്ചത്.